മേദിനി നഗർ (ത്സാർഖണ്ഡ്): ത്സാർഖണ്ഡിലെ പലാമു ജില്ലയിൽ ഛത്തീസ്ഗഡിൽ നിന്നുള്ള 21കാരിയായ വനിത കലാകാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു. പലാമു സ്വദേശികളായ മൂന്ന് സഹപ്രവർത്തകർ കാറിൽ കയറ്റി ലഹരി പദാർത്ഥം നൽകിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും പെൺകുട്ടിയെ പലാമുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിശ്രംപൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാകേഷ് സിങ് പി.ടി.ഐയോട് പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഛത്തീസ്ഗഡിൽ നിന്ന് പലാമു ജില്ലയിലെ വിശ്രംപൂരിൽ പരിപാടിക്കായി എത്തിയതായിരുന്നു വനിതാ കലാകാരിയെന്ന് പൊലീസ് പറഞ്ഞു.
പരിപാടി നടക്കാത്തതിനാൽ അവർ സഹപ്രവർത്തകർക്കൊപ്പം ഹുസൈനാബാദിലെ മറ്റൊരു ചടങ്ങിനായി പോവുകയായിരുന്നു. എന്നാൽ, യാത്രാമധ്യേ, പ്രതികൾ പെൺകുട്ടിക്ക് ലഹരി പദാർത്ഥം നൽകി കാറിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിപ്പോവുകയായിരുന്നുവെന്ന് രാകേഷ് സിങ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.