കൊൽക്കത്ത (പശ്ചിമ ബംഗാൾ): ലൈംഗികാതിക്രമത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
അന്വേഷണത്തെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൻ്റെ എമർജൻസി കെട്ടിടത്തിൻ്റെ നാലാം നിലയിൽ വെള്ളിയാഴ്ച രാവിലെയാണ് വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
28 വയസ്സുള്ള റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവർ ഡ്യൂട്ടിയിലായിരുന്നു. പുലർച്ചെ മൂന്നിനു ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ സഞ്ജയ് റോയ് എന്ന പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ആർജി കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ മെട്രോപോളിസിൽ മെഴുകുതിരി മാർച്ച് നടത്തി. ആശുപത്രിയിൽ സുരക്ഷ കുറവായതിനാൽ ജോലിയെടുക്കില്ലെന്ന് ഒരു വിഭാഗം ജൂനിയർ ഡോക്ടർമാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാർ അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചു. ഇഅന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ റാലിയും നടത്തി.
വിഷയം അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് സർവീസ് അംഗം ഡോ. മനസ് ഗുംത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.