ചെന്നൈ: വിവാഹത്തലേന്ന് നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി.ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി.
കടലൂർ ജില്ലയിലെ പൻരുട്ടിയിലാണ് കേസിനാസ്പദ സംഭവം നടന്നത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പൻരുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ് അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്. പൻരുട്ടിയിൽ വിവാഹ സൽക്കാരവും അടുത്ത ദിവസം രാവിലെ കടമ്പുലിയൂരിൽ താലികെട്ടും നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്.
വിവാഹ സൽക്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഡി.ജെ പാർട്ടിയിൽ ബന്ധുവായ യുവാവ് വധുവിന്റെ തോളിൽ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ കുപിതനാക്കിയത്. പ്രകോപിതനായ വരൻ പരസ്യമായി വധുവിന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ വധു- വരൻമാരുടെ വീട്ടുകാർ തമ്മിൽ വാക്തർക്കവും ബഹളവും അരങ്ങേറി.
തുടർന്ന് അടുത്തദിവസം രാവിലെ വധുവിന്റെ വീട്ടുകാർ അകന്ന ബന്ധുവായ യുവാവിനെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ കുടുംബാംഗങ്ങൾ പൻരുട്ടി പൊലീസിൽ പരാതി നൽകി. വധുവിന്റെ കരണത്തടിച്ച യുവാവിനെതിരെയും പൊലീസിൽ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.