ഗ്യാൻവാപി പള്ളി: സർവേ 17നകം പൂർത്തിയാക്കണമെന്ന് കോടതി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുള്ള ഗ്യാൻവാപി പള്ളി കോംപ്ലക്സിൽ വിഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാൻ കോടതി വിസമ്മതിച്ചു. ഇതുസംബന്ധിച്ച് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നിരസിക്കുകയായിരുന്നു. മാത്രമല്ല, മേയ് 17നകം സർവേ പൂർത്തിയാക്കി റിപോർട്ട് സമർപിക്കാൻ അഭിഭാഷക കമീഷനോട് നിർദേശിക്കുകയും ചെയ്തു.

സർവേ തടയാൻ ഏതെങ്കിലും തരത്തിൽ ശ്രമങ്ങളുണ്ടായാൽ കേസ് രജിസ്റ്റർ ചെയ്യാൻ ജില്ല മജിസ്ട്രേറ്റിനോടും പൊലീസിനോടും ജില്ല കോടതി നിർദേശിച്ചു. വിഡിയോ ചിത്രീകരിക്കാൻ പള്ളിയുടെ രണ്ട് താഴെ നിലകൾ തുറന്നുനൽകണം. അടച്ചിട്ട താഴത്തെ നിലകളുടെ താക്കോൽ കിട്ടിയില്ലെങ്കിൽ പൂട്ട് തകർക്കണമെന്നും ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി നിർദേശിച്ചു.

പള്ളിയുടെ പുറത്തെ മതിലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചില വിഗ്രഹങ്ങളിൽ എല്ലാ ദിവസവും ആരാധന കർമങ്ങൾ നടത്താൻ അനുമതി തേടി ഡൽഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ചാണ് 2021 ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്. ശ്രീനഗർ ഗൗരി, ഗണേശ, ഹനുമാൻ, നന്തി വിഗ്രഹങ്ങളിൽ ആരാധന നടത്താൻ സൗകര്യം വേണമെന്നും വിഗ്രഹങ്ങൾ ആരെങ്കിലും കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാൽ, പള്ളിക്കകത്ത് വിഡിയോ ചിത്രീകരണം നടത്തുന്നത് പള്ളി കമ്മിറ്റി എതിർത്തു. ​അതേസമയം, മുറ്റത്ത് സർവേ നടത്തുന്നതിനെ അനുകൂലിക്കുകയും ചെയ്തു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം മേയ് ആറിന് വിഡിയോ സർവേ ആരംഭിച്ചെങ്കിലും ഇതിനായി നിയോഗിച്ച അഭിഭാഷകൻ അജയ് കുമാർ മിശ്ര നിഷ്പക്ഷനല്ലെന്ന പരാതി ഉയർന്നു. ഇദ്ദേഹത്തെ മാറ്റാൻ പള്ളി കമ്മിറ്റി കോടതി സമീപിച്ചു. തുടർന്നാണ് വിഡിയോ സർവേ നീണ്ടുപോയത്.

അഭിഭാഷക കമീഷൻ അജയ് കുമാർ മിശ്രയെ മാറ്റാൻ വിസമ്മതിച്ച കോടതി, അദ്ദേഹത്തെ സഹായിക്കാൻ രണ്ട് അഭിഭാഷകരെ കൂടി വ്യാഴാഴ്ച നിയോഗിച്ചു. പ്രത്യേക അഡ്വക്കറ്റ് കമീഷണറായി വിശാൽ സിങ്ങിനെയും അസിസ്റ്റന്റ് അഡ്വക്കറ്റ് കമീഷണറായി അജയ് പ്രതാപ് സിങ്ങിനെയുമാണ് നിയോഗിച്ചത്.

മിശ്രയും വിശാൽ സിങ്ങും ചേർന്ന് സർവേ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം. ഇതിൽ ഒരാളുടെ അഭാവമുണ്ടായാൽ മറ്റേയാൾ നടപടി മുന്നോട്ടു കൊണ്ടുപോകണം. ഗ്യാൻവാപി-ശ്രീനഗർ ഗൗരി കോംപ്ലക്സിൽ ദിവസവും രാവിലെ എട്ടിനും ഉച്ച 12നും ഇടയിലാണ് സർവേ നടത്തേണ്ടത്. ഇത് പൂർത്തിയാക്കി ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപിക്കണം.

കോടതി ഉത്തരവിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. അഞ്ച് ദിവസത്തെ സർവേയിലൂടെ സത്യം പുറത്തുവരുമെന്നും രാജ്യത്തിന് ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും പറഞ്ഞ വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ, കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സഹകരിക്കാൻ പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Finish Filming Varanasi's Gyanvapi Mosque By Tuesday, Says Court:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.