ജയ്പൂർ: കോവിഡിന് മരുന്നു കണ്ടുപിടിച്ചുവെന്ന് അവകാശപ്പെട്ട യോഗഗുരു ബാബ രാംദേവിനും പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണയുമടക്കം അഞ്ചുപേർക്കെതിരെ ജയ്പൂരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തിയെന്നതാണ് എഫ്.ഐ.ആറിലെ പ്രധാന ആരോപണം. ചൊവ്വാഴ്ച മരുന്ന് പുറത്തിറക്കിക്കൊണ്ട് ബാബാ രാംദേവ് നടത്തിയ പ്രഖ്യാപനം വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
കോവിഡ് ബാധിതരിൽ പതഞ്ജലിയുടെ മരുന്ന് പരീക്ഷണം നടത്തിയ സംഭവത്തിൽ ജയപൂർ നിംസ് ആശുപത്രിയോട് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു.
രാംദേവ്, ബാലകൃഷ്ണ, ശാസ്ത്രജ്ഞൻ അനുരാഗ് വഷ്നേ, നിംസ് ചെയർമാൻ ബൽബീർ സിങ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ജയ്പൂരിലെ ജ്യോതി നഗർ പൊലീസ് എസ്.എച്.ഒ സുധീർ കുമാർ ഉപധ്യായ് പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 420ാം വകുപ്പ് പ്രകാരം വഞ്ചനക്ക് കേസെടുത്തിട്ടുണ്ട്.
ആയുഷ് മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ പതഞ്ജലി കോവിഡ് ഭേദമാക്കുെമന്ന അവകാശവാദവുമായായിരുന്നു മരുന്ന് പുറത്തിറക്കിയത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം കോവിഡ് മൂന്നുമുതൽ ഏഴുദിവസത്തിനകം ഭേദമാക്കുമെന്നായിരുന്നു അവകാശ വാദം.
വാർത്തകൾ വന്നതിന് പിന്നാലെ മരുന്നിനെ കുറിച്ച് വിവരങ്ങൾ കൈമാറണമെന്ന് ആയുഷ് മന്ത്രാലയം രാംദേവിനോട് ആവശ്യെപ്പട്ടിരുന്നു. മരുന്നിെൻറ പരസ്യം നിർത്തിവെക്കാനും ഉത്തരവിട്ടു.
എന്നാൽ കുറ്റാരോപിതനായ ബൽബീർ സിങ് തോമർ മനുഷ്യരിൽ മരുന്ന് പരീക്ഷണം നടത്താൻ ആവശ്യമായ അനുമതിയെല്ലാം എടുത്തതായി അവകാശപ്പെട്ടു. അനുവാദം ലഭിച്ചതിൻെറ പകർപ്പുകൾ കാണിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജയ്പൂർ നിംസിൽ മരുന്നു പരീക്ഷിച്ച 100 പേരിൽ 69 ശതമാനം ആളുകൾക്കും മൂന്ന് ദിവസത്തിനകം രോഗം ഭേദമായതായി. ഏഴുദിവസത്തിനകം 100 ശതമാനം ആളുകളും രോഗമുക്തി നേടി- അദ്ദേഹം പറഞ്ഞു.
നേരത്തെ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും കാണിച്ച് രാംദേവിനും ബാലകൃഷ്ണക്കുമെതിരെ ബിഹാറിലെ മുസഫർപൂർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കേസിൽ ജൂൺ 30ന് കോടതി വാദം കേൾക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.