ന്യൂഡൽഹി: ഡി.എൽ.എഫ് ഭൂമിയിടപാടിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡക്കും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രക്കുമെതിരെ കേസ്. ഗുഡ്ഗാവിലെ രതിവാസ് ഗ്രാമത്തിലെ സുരേന്ദ്ര ശർമ എന്നയാളുടെ പരാതിയിലാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുഡ്ഗാവ് ഖെർകി ദൗല പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡി.എൽ.എഫ് കമ്പനിക്കും ഇടപാടിൽ ഉൾപെട്ട മറ്റൊരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിനുമെതിരെയും കേസുണ്ട്. വഞ്ചനക്കുറ്റം, വ്യാജരേഖയുണ്ടാക്കൽ, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രതികരിച്ചു.
2008ൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവ് മേഖലയിൽ വാങ്ങിയ ഭൂമി, ഇനം മാറ്റി 55 കോടിക്ക് വിറ്റുവെന്നാണ് കേസ്. ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയായി രജിസ്റ്റർ ചെയ്ത വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ഏഴരക്കോടിയുടെ ഭൂമി ഇടപാട് നടത്തിയതെങ്ങനെയെന്ന് സാമൂഹിക പ്രവർത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയ സുരേന്ദ്ര ശർമ പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്ന് വാദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭരണപരാജയം മറച്ചുവെക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് കേസെന്ന് ഹൂഡയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.