ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഫേസ്ബുക് സി.ഇ.ഒ മാർക്ക് സക്കർബർഗിനെതിരെ എഫ്.ഐ.ആർ. യു.പിയിലെ കനൗജ് ജില്ലയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സക്കർബർഗിന് പുറമെ പോസ്റ്റുമായി ബന്ധപ്പെട്ട 49 പേർക്കെതിരെയും കേസെടുത്തു. എന്നാൽ, അഖിലേഷ് യാദവിനെതിരെ സക്കർബർഗ് അപകീർത്തികരമായ യാതൊരു പോസ്റ്റും ഇട്ടിട്ടില്ല. അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ സക്കർബർഗിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിച്ചുവെന്നാണ് കേസ്.
സാരഹട്ടി ഗ്രാമത്തിലെ അമിത് കുമാർ എന്ന വ്യക്തിയാണ് പരാതിക്ക് പിന്നിൽ. 'ബുവ ബാബുവ' എന്ന പേരിലുള്ള ഫേസ്ബുക് പേജിലൂടെ സമാജ്വാദി പാർട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകർക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി നേതാവ് മായാവതി- അഖിലേഷ് യാദവ് സഖ്യത്തെ പരിഹസിച്ച് വിളിച്ചിരുന്ന പേരാണ് ബുവ ബാബുവ.
'അന്വേഷണത്തിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന്‍റെ പേര് ഒഴിവാക്കി. എന്നാൽ ഫേസ്ബുക് പേജിന്‍റെ അഡ്മിനിസ്ട്രേറ്റർക്കെതിരായ പരാതി അന്വേഷിക്കും' -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.