ആദ്യം സ്വന്തം ആളുകൾക്ക് തൊഴിൽ കൊടുക്കൂ; എന്നിട്ടാകാം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകൽ -സി.എ.എ വിവാദത്തിൽ അമിത് ഷാക്കെതിരെ കെജ്രിവാൾ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉറപ്പായും നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.എ.എ വഴി നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നിയമാനുസൃത അംഗീകാരം നൽകാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചു.

രണ്ടുമൂന്നു ദിവസം മുമ്പാണ് പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. സി.എ.എ രാജ്യത്തിന് അപകടകരമാണെന്നും എന്തുകൊണ്ട് അത് പിൻവലിക്കണമെന്നും വിശദീകരിക്കാൻ ഞാൻ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി. ഞാൻ ഉന്നയിച്ച വിഷയങ്ങളിൽ ഒന്നിനു പോലും ആഭ്യന്തരമന്ത്രി മറുപടി നൽകിയിട്ടില്ല. അദ്ദേഹം എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അഴിമതിക്കാരനാണെന്ന് നിരന്തരം ആരോപിക്കുകയാണ്. ഞാനൊരു പ്രധാനപ്പെട്ട മനുഷ്യനൊന്നുമല്ല. എന്നാൽ നമ്മുടെ രാജ്യം പ്രധാനപ്പെട്ടതാണ്. രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമാണ്. നമുക്ക് അവരെ കുറിച്ച് സംസാരിക്കാം. നമ്മുടെ രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകാൻ പോലും കേന്ദ്രസർക്കാരിന് കഴിയുന്നില്ല. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങ​ളിലുള്ളവരെ കൊണ്ടുവന്ന് ഇവിടെ സ്ഥിരമായി താമസിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. നിങ്ങളവർക്ക് എങ്ങനെ തൊഴിൽ നൽകും? അവർക്ക് വീടും മറ്റ് വിഭവങ്ങളും ആരാണ് നൽകുക​? ആദ്യം സ്വന്തം നാട്ടിലെ യുവാക്കൾക്ക് ജോലി നൽകാൻ ശ്രമിക്കൂ.-കെജ്രിവാൾ പറഞ്ഞു.

സി.എ.എയുടെ പേരിൽ പ്രതിപക്ഷപാർട്ടികൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചതിനു പിന്നാലെയായിരുന്നു കെജ്രിവാളിന്റെ മറുപടി. കെജ്രിവാളിന്റെത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഷാ വിമർശിച്ചിരുന്നു. ''ഈ ആളുകളെല്ലാം ഇന്ത്യയിൽ അഭയാർഥികളായി കഴിയുകയാണെന്ന കാര്യം കെജ്‍രിവാളിന് അറിയില്ല. അവർ ഇന്ത്യയിലാണ് ജീവിക്കുന്നത്. 2014ന് മുമ്പ് നമ്മുടെ രാജ്യത്ത് എത്തിയവർക്ക് പൗരത്വം നൽകും. കെജ്രിവാളിന് ആശങ്കയുണ്ടെങ്കിൽ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ എതിർക്കാത്തത് ​എന്തുകൊണ്ടാണ്​? റോഹിങ്ക്യകൾക്കെതിരെ അദ്ദേഹം എന്തുകൊണ്ടാണ് പ്രതിഷേധിക്കാത്തത്? അവരെല്ലാം വോട്ട് ബാങ്ക് ആണെന്ന് കെജ്രിവാളിന് അറിയാം. റോഹിങ്ക്യകളും ബംഗ്ലാദേശികളും നമ്മുടെ തൊഴിലുകൾ കവരുന്നില്ലേ? ന്യൂനപക്ഷ ജെയിൻ, ബുദ്ധിസ്റ്റ്, പാഴ്സി സമുദായങ്ങൾക്കെതിരെ മാത്രമാണ് അദ്ദേഹം ശബ്ദമുയർത്തുന്നത്.''-എന്നാണ് അമിത് ഷാ ആരോപിച്ചത്.

2014 വരെ ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകുമെന്നാണ് അമിത് ഷാ പറയുന്നത്. അതിനു ശേഷം ആളുകൾ ഇവിടേക്ക് വന്നിട്ടില്ലേ​? എല്ലാദിവസവും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. അന്ന്തൊട്ടിന്നുവരെ തങ്ങളെ ജയിലിലടക്കുമെന്നും നാടുകടത്തുമെന്നും പേടിച്ചാണ് അനധികൃത കുടിയേറ്റക്കാർ ഇവിടെ കഴിയുന്നത്. ഇനിയവർക്ക് പേടിക്കേണ്ട, കാരണം നിങ്ങളവർക്ക് നിയമാനുസൃത അംഗീകാരം നൽകാൻ പോവുകയാണല്ലോ.-ഷായുടെ ആരോപണങ്ങൾക്ക് കെജ്രിവാൾ മറുപടി നൽകി.

നിങ്ങൾ തുറന്നിട്ടിരിക്കുന്ന വാതിലുകൾ അപകടകരമാണ്. നിങ്ങളവർക്ക് പൗരത്വം നൽകുന്നതോടെ തൊഴിലും നൽകേണ്ടി വരും. അങ്ങനെയാകുമ്പോൾ, 2014നു മുമ്പ് ഇന്ത്യയിലെത്തിയ പാക് പൗരൻമാർക്കും നിങ്ങൾ പൗരത്വവും തൊഴിലും നൽകും. ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നും വരുന്നവർ നികുതിയും അടക്കേണ്ടതില്ല. ഇത് നമ്മുടെ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ല. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വരുന്നവരെ കുറിച്ച് ആർക്കും അറിയില്ല. ഇന്ത്യ എങ്ങനെ സുരക്ഷിതമാകുമെന്നും ഇത് മനസിലാക്കി പെരുമാറൂവെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

First create jobs for your own people’ Kejriwal hits back at Amit Shah amid CAA row

Tags:    
News Summary - First create jobs for your own people’ Kejriwal hits back at Amit Shah amid CAA row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.