ഖാർഗോൺ വർഗീയ സംഘർഷത്തിൽ ആദ്യ മരണം സ്ഥിരീകരിച്ച് പൊലീസ്

ഖാർഗോൺ: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമ നവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ സംഘർഷത്തിൽ ആദ്യ മരണം പൊലീസ് സ്ഥിരീകരിച്ചു. സംഘർഷത്തിനിടെ കാണാതായ 30കാരനായ ഇബ്രേഷ് ഖാനാണ് മരിച്ചത്. മരണം പൊലീസ് മൂടിവെച്ചെന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ഏപ്രിൽ 10ന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോൺ നഗരത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് തീവെപ്പും കല്ലേറുമുണ്ടായി. അക്രമത്തിനിടെ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. ഖാർഗോണിൽ ഫ്രീസർ സൗകര്യം ലഭ്യമല്ലാത്തതിനാൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇൻഡോർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചതാണെന്ന് പൊലീസ് സൂപ്രണ്ട് (ഇൻചാർജ് രോഹിത് കഷ്വാനി പറഞ്ഞു.

ഏപ്രിൽ 14 ന് ഇബ്രേഷ് ഖാനെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. ആളെ തിരിച്ചറിഞ്ഞ ശേഷം മൃതദേഹം ഞായറാഴ്ച കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. തലക്കേറ്റ പരിക്കാണ് മരണകാരണം. അന്വേഷണം നടന്നുവരികയാണ് -കഷ്വാനി പറഞ്ഞു.

എന്നാൽ, ഇബ്രേഷ് ഖാന്റെ ബന്ധുക്കൾ പൊലീസ് വാദം തള്ളി. ഏപ്രിൽ 12ന് ചിലർ ഇബ്രേഷിനെ പൊലീസ് കസ്റ്റഡിയിൽ കണ്ടെന്ന് സഹോദരൻ ഇഖ്‌ലാഖ് ഖാൻ പറഞ്ഞു. ഭയം കാരണം മൊഴി നൽകാൻ ദൃക്സാക്ഷികൾ തയാറല്ല. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ച ശേഷമാണ് മരിച്ചെന്നും മൃതദേഹം എവിടെയാണെന്നും പൊലീസ് വെളിപ്പെടുത്തിയത്. ആനന്ദ് നഗർ പ്രദേശത്ത് അത്താഴം നൽകാൻ പോയതായിരുന്നു അവൻ -ഇഖ്‌ലാഖ് ഖാൻ പറഞ്ഞു.

Tags:    
News Summary - First death reported in Khargone clashes in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.