മുംബൈ: സ്ഫോടന ആസൂത്രണ കേസിലും ദാഭോല്കർ, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് കൊലപാതക കേസുകളിലും അറസ്റ്റിലായവര്‍ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ ഒളിപ്പോരാളികളെന്ന് മഹാരാഷ്ട്ര എ.ടി.എസ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മൂന്നാമതും സര്‍ക്കാറിന് അപേക്ഷ തയാറാക്കുകയാണ് എ.ടി.എസ്. നേരത്തെ, 2011ലും 2015ലും ഇവരെ നിരോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നൽകിയെങ്കിലും ഇന്നും അവ ഫയലില്‍ ഉറങ്ങുകയാണ്.
അറസ്റ്റിലായവര്‍ വര്‍ഷങ്ങള്‍ക്കുമുേമ്പ സനാതന്‍ സന്സ്തയുമായോ ഹിന്ദു രാഷ്ട്ര നിര്‍മിതി ആശയമാക്കി 2002ല്‍ രൂപവത്കൃതമായ അവരുടെ ഹിന്ദു ജന്‍ജാഗ്രുതി സമിതി (എച്ച്.ജെ.എസ്) യുമായോ ഉള്ള പരസ്യബന്ധം ഉപേക്ഷിക്കുകയും മറ്റ് ചെറു സന്നദ്ധ സംഘടനകളില്‍ ചേക്കേറുകയുമായിരുന്നു. എന്നാല്‍, ഇവര്‍ സനാതന്‍ സന്‍സ്ത, എച്ച്.ജെ.എസ് എന്നിവയുമായുള്ള രഹസ്യബന്ധം പിന്നീടും തുടര്‍ന്നതിന് തെളിവുകളുണ്ടെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതികളുടെ സമൂഹ മാധ്യമ പ്രൊഫൈലുകള്‍, ഇ-മെയില്‍, മൊബൈല്‍ കാള്‍ റെക്കോഡുകള്‍, ബാങ്കിടപാട് തുടങ്ങിയവ ഇവരുടെ സനാതന്‍ സന്‍സ്ത ബന്ധം തെളിയിക്കാന്‍ പ്രാപ്തമാണെന്ന് എ.ടി.എസ് വ്യക്തമാക്കി.
എച്ച്.ജെ.എസ് ‘വെസ്േറ്റണ്‍ കമാൻഡര്‍’ ആയി വിശേഷിപ്പിക്കപ്പെടുന്ന ഇ.എന്‍.ടി ഡോക്ടര്‍ വിരേന്ദ്ര താവ്ഡെയുടെ നേതൃത്വത്തിലാണ് വധ ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നതെന്നാണ് എ.ടി.എസ്, ദാഭോല്കര് കേസ് അന്വേഷിക്കുന്ന സി.ബി.ഐ, പന്‍സാരെ കേസിലെ മഹാരാഷ്ട്ര സി.ഐ.ഡി എന്നിവരുടെ കണ്ടെത്തല്‍.
ഇവര്‍ തയാറാക്കിയ ഹിറ്റ്ലിസ്റ്റിലുള്ളവരെ വധിക്കാന്‍ മഹാരാഷ്ട്രയിലും കർണാടകയിലുമായി 50 പേര്‍ക്ക് ആയുധ, സ്ഫോടന നിര്‍മാണ, ഉപയോഗ പരിശീലനം നല്‍കിയതായാണ് കണ്ടെത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.