അഹ്മദാബാദ്: ഗുജറാത്തിൽ അഞ്ചുപേർക്ക് കോവിഡ് കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജാംനഗറിലാണ് മൂന്ന് കേസുകൾ. പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റുള്ളവർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ് ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് ഇവർക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്.
കാപ്പ വകഭേദത്തിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വകഭേദത്തിന് മേയിലാണ് ലോകാരോഗ്യ സംഘടന 'കാപ്പ' എന്ന് നാമകരണം ചെയ്തത്. ലോകാരോഗ്യ സംഘടന 'വേരിയന്‍റ് ഓഫ് ഇന്ററസ്റ്റ്' വിഭാഗത്തിലാണ് കാപ്പയെ ഉൾകൊള്ളിച്ചിരിക്കുന്നത്. ഇത് അത്ര ആശങ്ക ഉയർത്തുന്ന വകഭേദമല്ല എന്ന് ലളിതമായി പറയാം.
ജനിതകമാറ്റത്തിന്‍റെ സ്വഭാവം മുൻകൂട്ടി പ്രവചിച്ചിട്ടുള്ള വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന 'വേരിയന്‍റ് ഓഫ് ഇന്ററസ്റ്റ്' പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവക്ക് ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയിൽ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.