കൊൽക്കത്ത: ചലിക്കുന്ന ടാക്സിയിൽ നിന്നും യുവതികൾക്ക് നേരെ ആസിഡ് ആക്രമണം. നഗരത്തിലെ തെക്കൻ ഭാഗത്തെ പണ്ടിറ്റ്യ റോഡിന് സമീപത്തുവച്ചാണ് 20 വയസ്സുകാരികളെ അജ്ഞാത സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 9:30യോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ നടക്കുകയായിരുന്ന അഞ്ച് യുവതികളടക്കം ആറ് പേർക്ക് പൊള്ളലേറ്റു.
നാട്ടുകാരിൽ ചിലർ ടാക്സിയെ പിന്തുടർന്നെങ്കിലും വണ്ടിയുപേക്ഷിച്ച് ഡ്രൈവറടക്കമുള്ള സംഘം കടന്നുകളയുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന എല്ലാ പെൺകുട്ടികൾക്കും പരിക്കുണ്ടെന്നും, ഒരാളെ മാത്രം ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമമെന്നും പൊലീസ് പറഞ്ഞു.
ഗുരുതരമല്ലാത്ത പരിക്കായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി പെൺകുട്ടികളെ വിട്ടയച്ചു. ആസിഡിൽ നിന്നേൽക്കുന്ന തരത്തിലല്ലാത്ത പൊള്ളലായതിനാൽ അക്രമികൾ ഉപയോഗിച്ച ദ്രാവകം പൊലീസ് ശേഖരിച്ച് ടെസ്റ്റിനയച്ചിട്ടുണ്ട്.
ആക്രമികൾ സഞ്ചരിച്ച ടാക്സി പിടിച്ചെടുത്തെന്നും രബീന്ദ്ര സരോവർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് സാക്ഷികളടുടെയും ഇരകളുടെയും മൊഴികൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും കൊൽക്കത്ത ഡെപ്യൂട്ടി കമീഷ്ണർ മീരജ് ഖാലിദ് അറിയിച്ചു. പ്രതികളെ ഉടൻതന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിച്ച ഒരു സാക്ഷിമൊഴി പ്രകാരം കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായിരുന്ന റിക്കി മൊണ്ടൽ എന്നയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. അയാളുടെ താമസസ്ഥലം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.