ന്യൂഡൽഹി: അഞ്ചു പതിറ്റാണ്ടായി ഡൽഹി ഇന്ത്യ ഗേറ്റിൽ ധീരസൈനികരുടെ നിത്യസ്മരണയായി ഉണ്ടായിരുന്ന കെടാജ്വാല അണച്ചു. 400 മീറ്റർ അകലെ രണ്ടു വർഷം മുമ്പ് തുറന്ന ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി 'അമർ ജവാൻ ജ്യോതി' സംയോജിപ്പിച്ചു. മോദിസർക്കാറിന്റെ തീരുമാനം വെള്ളിയാഴ്ച സേന ആചാരപരമായ അഭിവാദ്യങ്ങളോടെ നടപ്പാക്കി. ചരിത്രം തുടച്ചു നീക്കുന്ന മറ്റൊരു നടപടിയാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബുധനാഴ്ച റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിനു മുമ്പായാണ് സൈനിക പരേഡ്, ബാൻഡ്, അഭിവാദ്യം എന്നിവയുടെ അകമ്പടിയോടെ ഇന്ത്യ ഗേറ്റിലെ ദീപശിഖ കെടുത്തിയത്. അവിടെനിന്ന് തെളിച്ച ദീപശിഖയുമായി സൈനികർ യുദ്ധസ്മാരകത്തിലേക്ക് മാർച്ച് ചെയ്തു. തുടർന്ന് അവിടെയുള്ള കെടാജ്വാലയുമായി ദീപശിഖ സംയോജിപ്പിച്ചു.
ഒന്നാം ലോക യുദ്ധത്തിലും ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും മരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണാർഥം ബ്രിട്ടീഷുകാരാണ് ഇന്ത്യ ഗേറ്റ് നിർമിച്ചത്. പാകിസ്താനുമായി നടന്ന യുദ്ധത്തിൽ മരിച്ച സൈനികർക്ക് ആദരമായി 1972 ജനുവരി 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഇന്ത്യ ഗേറ്റിലെ 'അമർ ജവാൻ ജ്യോതി' ഉദ്ഘാടനം ചെയ്തത്. 2019 ഫെബ്രുവരി 25ന് ദേശീയ യുദ്ധസ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നപ്പോൾ ധീരജവാന്മാരുടെ ഓർമക്കായി അവിടെ പുതിയ കെടാജ്വാല സ്ഥാപിച്ചു. രണ്ടു കെടാജ്വാലയുടെ ആവശ്യമില്ലെന്ന വിശദീകരണത്തോടെയാണ് ഇപ്പോൾ ഇന്ദിര സ്ഥാപിച്ചത് കെടുത്തിയത്.
ഇന്ത്യ ഗേറ്റിലെ കെടാവിളക്ക് ഇല്ലാതാക്കുകയല്ല, യുദ്ധസ്മാരകത്തിലുള്ളതുമായി സംയോജിപ്പിക്കുകയാണ് ചെയ്തതെന്ന് അധികൃതർ വിശദീകരിച്ചു. ഇന്ത്യ ഗേറ്റ് കോളനിവാഴ്ചയുടെ സ്മാരകമാണ്. അവിടത്തെ കെടാജ്വാല 1971 വരെയുള്ള യുദ്ധങ്ങളിൽ മരിച്ച സൈനികർക്കുള്ള ആദരമാണ്. ദേശീയ യുദ്ധസ്മാരകത്തിലേതാകട്ടെ, രാജ്യത്തിനു വേണ്ടി ജീവാർപ്പണം ചെയ്ത എല്ലാ ജവാന്മാരുടെയും സ്മരണാർഥമാണ്. 25,942 സൈനികരുടെ പേരുകൾ ഇവിടെ കൊത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
എന്നാൽ, ചരിത്രത്തെ അവമതിക്കുകയും മോദിയുടെ മാത്രം ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് നടക്കുന്നതെന്ന് പ്രതിപക്ഷവും വിമുക്ത ഭടന്മാരിൽ ഒരു വിഭാഗവും കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ് ഇന്ത്യ ഗേറ്റിലെ ജ്യോതിയെന്നും അവിടെ ജവാന്മാരെ അഭിവാദ്യം ചെയ്താണ് തങ്ങളുടെ തലമുറ വളർന്നതെന്നും മുൻ എയർ വൈസ് മാർഷൽ മൻമോഹൻ ബഹാദൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.