ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി 50,000 ടൺ അടിയന്തിരമായി അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യം കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ അംഗീകരിച്ചു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കിലോയ്ക്ക് 20 രൂപ എന്ന കൺസെഷൻ നിരക്കിലാണ് അരി നൽകുക.
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.
അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എ.എഫ്.എസ്.എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. ആയതിനാൽ ഇതുസംബന്ധിച്ച നിബന്ധനകൾ പരിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. കാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽനിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നുണ്ട്.
മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ സാധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി - മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.