റാഞ്ചി: 950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡോറണ്ട ട്രഷറി കേസിലും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ഡോറണ്ട ട്രഷറിയിൽനിന്ന് 139.5 കോടി രൂപ അവിഹിതമായി പിൻവലിച്ച കേസിലാണ് ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഈ മാസം 21ന് ശിക്ഷ വിധിക്കും.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക, ദേവ്ഘർ, ചായ്ബാസ ട്രഷറി കേസുകളിൽ ലാലുവിന് 14 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 60 ലക്ഷം പിഴയും ഒടുക്കേണ്ടി വന്നു. കോടതിയിൽനിന്ന് കസ്റ്റഡിയിൽ എടുത്ത 73കാരനായ ലാലുവിനെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റി. ആരോഗ്യപരമായ കാരണങ്ങളാൽ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശനം അനുവദിക്കണമെന്ന ലാലുവിന്റെ ആവശ്യം സി.ബി.ഐ കോടതി ജഡ്ജി സുധാംശു കുമാർ ഷാഷി തള്ളി.
ആകെ 99 പ്രതികളുണ്ടായിരുന്ന കേസിൽ 24 പേർ കുറ്റമുക്തരായി. 34 പേർക്ക് മൂന്നു വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു. ഇല്ലാത്ത കാലികളുടെ പേരിൽ കാലിത്തീറ്റ, മൃഗസംരക്ഷണം, അവക്കുള്ള മരുന്നുകൾ എന്നിവക്ക് ചെലവഴിക്കാനെന്ന വ്യാജേന സംസ്ഥാനത്തെ വിവിധ ട്രഷറികളിൽനിന്ന് വൻ തുക പിൻവലിച്ച് നടത്തിയ തിരിമറിയാണ് കാലിത്തീറ്റ കുംഭകോണമായി അറിയപ്പെടുന്നത്. ലാലു പ്രസാദ് ബിഹാർ മുഖ്യമന്ത്രിയും ധനമന്ത്രിയുമായിരിക്കുമ്പോഴാണ് വൻ തട്ടിപ്പ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.