ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ തുടരുന്നു. ഞായറാഴ്ചയും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ദൂരക്കാഴ്ച പരിധി കുറഞ്ഞതിനെത്തുടർന്ന് നിസാമുദ്ദീൻ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് അടക്കം പത്തോളം ട്രെയിൻ സർവിസ് റദ്ദാക്കി. നൂറോളം ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഒാടിക്കൊണ്ടിരിക്കുന്നത്.
ഡൽഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട നിരവധി വിമാന സർവിസുകളും റദ്ദാക്കി. ശ്വസം മുട്ട്, ചുമ, കണ്ണ് ചൊറിച്ചിൽ, തലവേദന തുടങ്ങിയവ രൂക്ഷമാണ്. ഡൽഹി വല്ലഭ്ഭായ് പേട്ടൽ ചെസ്റ്റ് ഇൻസ്റ്റ്യൂട്ടിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ മൂന്നിരട്ടി രോഗികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്നേതാടെ സ്ഥിതി കൂടുതൽ വഷളാവുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. മഴ പെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ വായുമലിനീകരണ തോത് കുത്തനെ ഉയരുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. ഞായറാഴ്ച ഡൽഹി ആർ.കെ. പുരത്ത് വായു നിലവാര സൂചിക 999 ആണ് രേഖപ്പെടുത്തിയത്. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പി.എം) 2.5െൻറ നില 522 കടന്നു. പി.എം 500 എത്തിയാൽ അടിയന്തര നടപടി ആവശ്യമാണ്. അതിർത്തി സംസ്ഥാനങ്ങളിൽ കർഷകർ അടുത്ത വിളവെടുപ്പിന് മുമ്പായി വൈക്കോൽ കത്തിക്കുന്നത് വ്യാപകമായി തുടരുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണത്തിന് ഏർപ്പെടുത്തിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി സർക്കാർ തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിെന സമീപിക്കും. ഇരു ചക്രവാഹനങ്ങൾക്കും സ്ത്രീകളോടിക്കുന്ന വാഹനങ്ങൾക്കും ഇളവ് നൽകിയതോടെയാണ് ഒറ്റ, ഇരട്ടയക്ക വാഹന നിയന്ത്രണം ട്രൈബ്യൂണൽ റദ്ദാക്കിയത്.
നഗരത്തൽ ട്രക്കുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം വരും ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.