ലഖ്നോ: ഹലാൽ ടാഗ് പതിച്ച ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ചതിന് പിന്നാലെ ലഖ്നോവിലെ മാളുകളിൽ റെയ്ഡ് നടത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്. യു.പിയിലെ സഹാറ മാളിലാണ് സംഘം റെയ്ഡ് നടത്തിയത്. മാംസം, ഡ്രൈ ഫ്രൂട്സ്, പാനീയങ്ങൾ തുടങ്ങിയ ഹലാൽ ടാഗ് പതിപ്പിച്ച ഉത്പന്നങ്ങളെ സംഘം പരിശോധിച്ചു. പരിശോധനക്ക് പിന്നാലെ എട്ട് കമ്പനികൾക്കെതിരെയാണ് ഭക്ഷ സുരക്ഷ വകുപ്പ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ചയായിരുന്നു ഹലാൽ ടാഗ് പതിച്ച ഉത്പ്പന്നങ്ങളുടെ വിൽപന യു,.പി സർക്കാർ നിരോധിച്ചത്. വിൽപനക്ക് പുറമെ ഹലാൽ ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം തുടങ്ങിയവക്കും വിലക്കുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തിയാണ് നിരോധനമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്.
വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു. നിരോധനം ലംഘിക്കുന്നവർക്കെതിരെ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.