ചെന്നൈ: പേരറിവാളിന് സുപ്രീം കോടതി ജാമ്യമനുവദിച്ചതോടെ മാതാവ് അർപുതമ്മാൾക്ക് സ്വപ്ന സാക്ഷാത്കാരം. കണ്ണീര് കലർന്ന മൂന്ന് ദശാബ്ദകാലത്തെ ഒറ്റയാൾ പോരാട്ടത്തിന് വിരാമമാവുകയാണ്. 1991 ജൂൺ 11നാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്.
രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിനുവേണ്ടി രണ്ട് ബാറ്ററികൾ വാങ്ങി നൽകിയെന്ന കുറ്റം ചുമത്തിയാണ് പേരറിവാളൻ കാരാഗ്രഹത്തിലടക്കപ്പെട്ടത്. ആദ്യം വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കി. മകന്റെ മോചനത്തിനായി അർപുതമ്മാൾ നടത്തിയ നിയമ പോരാട്ടത്തിനിടയിൽ തേടാത്ത വഴികളില്ല. മകന്റെ മോചനത്തോടൊപ്പം വധശിക്ഷക്കെതിരെയും ഒറ്റയാൾ സമരം നടത്തിയ അർപുതമ്മാളെ തമിഴകത്തിലെ കോൺഗ്രസ്, ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും തമിഴ് സാമൂഹിക മനുഷ്യാവകാശ സംഘടനകളും പിന്തുണച്ചു. പേരറിവാളൻ ജയിലിൽനിന്ന് രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും തുടർച്ചയായി ദയാഹരജികൾ അയക്കുമ്പോൾ അർപുതമ്മാൾ ജയിലിന് പുറത്ത് വിശ്രമമില്ലാതെ പോരാടി.
അറസ്റ്റിലാവുമ്പോൾ പേരറിവാളന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. ഒരുഘട്ടത്തിൽ പേരറിവാളന്റെ കുറ്റസമ്മത മൊഴി തിരുത്തിയെന്ന സി.ബി.ഐ മുൻ എസ്.പി ത്യാഗരാജന്റെ വെളിപ്പെടുത്തൽ വൻ ഒച്ചപ്പാടിനിടയാക്കി. ബാറ്ററി വാങ്ങി നൽകിയെന്നും എന്നാൽ അത് എന്തിനാണെന്ന് അറിയില്ല എന്നായിരുന്നു യഥാർഥ മൊഴി. ബോംബ് നിർമാണത്തിനാണെന്ന് അറിഞ്ഞുകൊണ്ട് ബാറ്ററി വാങ്ങി കൊടുത്തുവെന്ന് ഇത് തിരുത്തിയെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ. തിരുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.