ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികരത്തിന്‍റെ സർവ സന്നാഹങ്ങളുമുപയോഗിച്ച് വിദ്വേഷ രാഷ്ട്രീയത്തിന്‍റെ അടവുകളെല്ലാം പറ്റിയ തെരഞ്ഞെടുപ്പിൽ, കർണാടകയിലെ ജനം കോൺഗ്രസ്സിന് സമ്മാനിച്ചത് നാലു പതിറ്റാണ്ടിനു ശേഷമുള്ള റെക്കോർഡ് ജയം. സീറ്റ് കളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ഇത് റെക്കോർഡാണ്. 224 സീറ്റിൽ 136 സീറ്റ് നേടിയാണ് കോൺഗ്രസ് അനായാസം അധികാരത്തിലേക്ക് നടന്നു കയറിയത്. 2018 പാർട്ടി നേടിയതിനെക്കാൾ 57 കൂടുതൽ . 42.9 ശതമാനം വോട്ട് ഷെയർ. 1999ൽ 132 സീറ്റുകൾ നേടി 40.84 ശതമാനം വോട്ട് വിഹിതം നേടിയാണ് കോൺഗ്രസ് ഈ സ്കോറിനോട് ഏറ്റവും അടുത്തെത്തിയത്. 1989ൽ 43.76 ശതമാനം വോട്ടോടെ 178 സീറ്റുകൾ നേടി.
കേവല ഭൂരി പക്ഷത്തിലും 23 സീറ്റുകൾ അധികം നേടിയാണ് കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. 36 ശതമാനം വോട്ട് ഷെയറോടെ ബി.ജെ.പി 65 സീറ്റിലും എച്ച്.ഡി കുമാരസ്വാമിയുടെ ജനതാദൾ സെക്കുലർ 13.3 ശതമാനം വോട്ടോടെ 19 സീറ്റുകളിലും ഒതുങ്ങുകയായിരുന്നു. കോൺഗ്രസ് 120-ലധികം സീറ്റുകൾ പ്രതീക്ഷിക്കുന്നതായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോൺഗ്രസ് ഒറ്റയ്ക്ക് പോരാടി വജയിക്കുമെന്ന് പാർട്ടിയിലെ ട്രബിൾ ഷൂട്ടർ ഡി.കെ ശിവകുമാറും പറഞ്ഞിരുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കർണാടകയിൽ കോൺഗ്രസ് വിജയം അനായാസമാക്കിയത്.
രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇളക്കി മറിച്ച മണ്ണിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഈ യാത്ര കടന്നുപോയ സ്ഥലങ്ങളിൽ ബി.ജെ.പിയുടെ ഏഴു സീറ്റും ജെ.ഡി-എസിന്റെ അഞ്ചു സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു. വികസനവിഷയങ്ങൾ മനഃപൂർവം മറച്ച ബി.ജെ.പിയുടെ പ്രചാരണത്തെ മൂർച്ചയുള്ള ചോദ്യമുനയിൽ നിർത്തി ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ രാഹുലിനും പ്രിയങ്കക്കുമായി.അനാരോഗ്യം മാറ്റി നിർത്തി സോണിയ ഗാന്ധി വരെ പ്രചാരണം നയിച്ചു.
ദലിത് നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പിന്നാക്ക വോട്ടുകൾ നിർണായകമായ കല്യാണ കർണാടക മേഖലയിൽ കോൺഗ്രസിന് അനുകൂല തരംഗമൊരുക്കി. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒന്നിച്ച് പ്രചാരണം നയിച്ചതാണ് മറ്റൊരു പ്രധാന ഘടകം. വൊക്കലിഗ ഭൂരിപക്ഷ മേഖലയായ പഴയ മൈസൂരു മേഖലയിൽ ശിവകുമാറും ന്യൂനപക്ഷ, ദലിത്, പിന്നാക്ക മേഖലകളിൽ സിദ്ധരാമയ്യയും കോൺഗ്രസിന് വോട്ടുറപ്പിച്ചു.ബി.ജെ.പി സർക്കാറിനെതിരെ കർണാടകയിൽ രൂപപ്പെട്ട ജനാധിപത്യ- മതേതരത്വ ചേരി കോൺഗ്രസിന് ഗുണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.