കോവാക്സിന് അംഗീകാരം നൽകാൻ കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന

ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ ഇന്ത്യയിലെ നിർമാതാക്കളായ ഭാരത് ബയോടെക് തുടരുകയാണ്.

കോവാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. ഭാരത് ബയോടെക് ഇതിനായുള്ള രേഖകൾ സമർപ്പിച്ചുകഴിഞ്ഞു. ജൂൺ മാസത്തിലാവും ലോകാരോഗ്യസംഘടനയുടെ അവലോകന യോഗം ചേരുക. ഈ യോഗത്തിൽ കോവാക്സിൻ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനമാകും.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാൽ, ലോകരാജ്യങ്ങൾ കോവാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്. ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളാണ് കോവാക്സിന് അംഗീകാരം നൽകിയിട്ടുള്ളത്. ഇത് കോവാക്സിൻ സ്വീകരിച്ചവരുടെ വിദേശ യാത്രയെ വരെ ബാധിക്കാൻ സാധ്യതയുണ്ട്.

രണ്ടാം കോവിഡ് തരംഗത്തിന് ശക്തി കുറയുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ അന്താരാഷ്ട്ര അതിർത്തികൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്താനാണ് സാധ്യത. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ഇത് വെല്ലുവിളിയാകും. അതേസമയം കോവിഷീൽഡ് വാക്സിൻ ലോകാരോഗ്യസംഘടന അംഗീകരിച്ചതാണ്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി ആവശ്യമുള്ള 90% വിശദാംശങ്ങളും നൽകിയതായാണ് കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

Tags:    
News Summary - For Covaxin to get emergency use approval, WHO needs ‘more information’ from Bharat Biotech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.