ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയുടെ(ബി.ആർ.എസ്) എം.എൽ.എമാരെ മറുകണ്ടം ചാടിക്കാനുള്ള ബി.ജെ.പിയുടെ ഓപറേഷൻ കമല വിവാദം സി.ബി.ഐ അന്വേഷിക്കും. തെലങ്കാന ഹൈകോടതിയാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് എം.എൽ.എമാരെ കോടികൾ കൊടുത്ത് വശത്താക്കാൻ ശ്രമിച്ചതെന്നാണ് തെലങ്കാന സർക്കാരിന്റെ ആരോപണം.
കേസ് അന്വേഷിക്കാനായി പ്രത്യേക നിയോഗിച്ചിരുന്ന പ്രത്യേക സംഘത്തെ പിരിച്ചുവിടാനും ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. ഹൈകോടതിയുടെ തീരുമാനം ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം സുതാര്യമായല്ല പ്രവർത്തിക്കുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹരജികളാണ് ഹൈകോടതിയിൽ നൽകിയത്.
ബി.ആർ.എസിലെ നാല് എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയിരുന്നു. നാലു എം.എൽ.എമാരെ നൂറുകോടി നൽകി ബി.ജെ.പിയിലേക്ക് മറുകണ്ടം ചാടിക്കാനായിരുന്നു ശ്രമമെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു(കെ.സി.ആർ ) ആരോപിച്ചത്. ഈ കളിക്കു പിന്നി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്നും കെ.സി.ആർ ആരോപിച്ചിരുന്നു. ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി.ആർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.