ന്യൂഡൽഹി: രാജ്യത്തെ 8,353 സർക്കാറിതര സംഘടനകളുടെ (എൻ.ജി.ഒ) വിദേശ ധനസമാഹരണ ലൈസൻസ് ആഭ്യന്തര മന്ത്രാലയം പുതുക്കിയില്ല. 264 എൻ.ജി.ഒകളുടെ ലൈസൻസ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സസ്പെൻഡ് ചെയ്തതായും സർക്കാർ പാർലമെൻറിൽ അറിയിച്ചു. 2016-19കാലത്ത് എൻ.ജി.ഒകൾക്ക് 58,000 കോടിയിലധികം വിദേശധനസഹായം ലഭിച്ചിട്ടുണ്ട്.
പാർലമെൻറിൽ അറിയിച്ച മറ്റു കാര്യങ്ങൾ: 2011ൽ നടത്തിയ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടാനുള്ള നിർദേശം സർക്കാറിെൻറ പരിഗണനയിൽ ഇല്ല. സാമൂഹിക-സാമ്പത്തിക, ജാതി സെൻസസിലെ ജാതിസംബന്ധിച്ച കാര്യങ്ങൾ ഒഴികെയുള്ളവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിൽ നിരവധി ഭീകരക്യാമ്പുകൾ സജീവമാണ്. ഇവിടെനിന്ന് പരിശീലനം ലഭിക്കുന്ന ഭീകരർ ജമ്മു-കശ്മീരിലേക്ക് നുഴഞ്ഞുകയറുകയാണ്. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പാകിസ്താനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞവർഷം വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 755 കേസുകൾ എടുത്തു. 1,829പേരെ അറസ്റ്റു ചെയ്തു. 62 ഗുരുതരസ്വഭാവമുള്ള കേസുകൾ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘമാണ് കൈകാര്യംചെയ്യുന്നത്.
അക്രമത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ ഒരു കേസ് പ്രത്യേക വിഭാഗം അന്വേഷിക്കുന്നുണ്ട്. 692 കേസുകൾ ഡൽഹി നോർത്ത് ഈസ്റ്റ് ജില്ല പൊലീസ് ആണ് അന്വേഷിക്കുന്നത്.
കർഷകപ്രക്ഷോഭത്തിനിടെ ജനുവരി 26ന് ഡൽഹിയിലുണ്ടായ സംഘർഷങ്ങളിൽ 38 കേസുകൾ എടുത്തു.
ചില വിദേശികൾക്കെതിരെയും കേസുണ്ട്. ബാരിക്കേഡുകൾ തകർക്കുന്ന സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ ബദൽപാതകൾ ക്രമീകരിച്ചു.
ഈ ധനകാര്യവർഷം ഫെബ്രുവരിവരെ രാജ്യത്ത് ഐ.എ.എസ് ഓഫിസർമാർക്കെതിരെ 581 അഴിമതി പരാതികൾ ലഭിച്ചു.
2019-20ൽ 753 പരാതികളാണ് ലഭിച്ചത്. 2016 മുതൽ ഇതുവരെ ഐ.എ.എസുകാർക്കെതിരെ 44ഉം ഐ.പി.എസുകാർക്കെതിരെ 12ഉം കേസുകൾ സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2015നും '19നും ഇടയിൽ രാജ്യത്ത് ഓട വൃത്തിയാക്കുന്നതിനിടെ 389 പേർ മരിച്ചതായി സാമൂഹികനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. തൊഴിലാളികളെക്കൊണ്ട് അപകടകരമായ ശുചീകരണജോലികൾ ചെയ്യിച്ചതിന് 266 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
മൂന്നു വർഷത്തിനിടെ, ഓടയും സെപ്റ്റിക് ടാങ്കുകളും ശുചിയാക്കുന്നതിനിടെ 210 പേർ മരിച്ചതായി മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു. രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 66,692 തോട്ടിപ്പണിക്കാരുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.