2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; കർഷക സമരത്തിൽ സർക്കാരിനെ വിമർശിച്ചു -ന്യൂസ് ക്ലിക്കിനെതിരായ എഫ്.ഐ.ആർ പുറത്ത്

ന്യൂഡൽഹി: വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരായ എഫ്.ഐ.ആർ പുറത്ത്. ന്യൂസ് ക്ലിക്ക് അഞ്ചുവർഷം നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചതായി എഫ്.ഐ.ആറിൽ പരാമർശമുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ച് ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ ശ്രമം നടത്തിയതായും എഫ്.ഐ.ആറിലുണ്ട്.

2018 മുതൽ കോടികളുടെ അനധികൃത ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. കർഷക സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരും അരുണാചൽ പ്രദേശും തർക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാൻ നീക്കം നടന്നു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങളും ഉണ്ട്. ഈ ആരോപണങ്ങളെല്ലാം ന്യൂസ് ക്ലിക്ക് നിഷേധിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രബിർ പുർകയസ്ഥ നൽകിയ ഹരജി ഡൽഹി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും.

അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചതുൾപ്പെടെയുള്ള കേസിൽ പ്രബിർ, ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്. ചൈനയിൽ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ന്യൂയോർക് ടൈംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിനു മുമ്പ് റെയ്ഡും നടത്തിയിരുന്നു. ചൈനയുമായി ബന്ധമുള്ള സ്രോതസ്സുകളിൽ നിന്ന് 38 ലക്ഷത്തോളം രൂപ ന്യൂസ് ക്ലിക്കിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം. ഇപ്പോൾ ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നെവിൽ റോയ് സിംഗ്ഹാമിന്റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

Tags:    
News Summary - Foreign funds infused illegally, iIntention to disturb. NewsClick FIR Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.