ആം ആദ്മി മുൻ മന്ത്രി രാജ്കുമാർ ആനന്ദും ഭാര്യയും ബി.ജെ.പിയിൽ

ന്യൂഡൽഹി: മുൻ ആം ആദ്മി പാർട്ടി മന്ത്രി രാജ്കുമാർ ആനന്ദും ഭാര്യ വീണയും ബി.ജെ.പിയിൽ ചേർന്നു. എ.എ.പി സർക്കാറിൽ സാമൂഹിക സുരക്ഷാ മന്ത്രിയായിരുന്ന രാജ്കുമാർ കഴിഞ്ഞ മേയിൽ പാർട്ടി വിട്ട് മായാവതിയുടെ ബി.എസ്.പിയിൽ ചേർന്നിരുന്നു.

രാജ്കുമാറിനൊപ്പം എ.എ.പി നേതാവും ഛത്തർപുർ മണ്ഡലം എം.എൽ.എയുമായ കർത്താർ സിങ് തൻവർ, ഉമേദ് സിങ് ഫോഗട്ട്, രത്നേഷ് ഗുപ്ത എന്നിവരും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിൽ ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലും പഞ്ചാബിലും ദലിതരുടെ പിന്തുണയോടെ ജയിച്ചിട്ടും എ.എ.പി ദലിത് സമൂഹത്തിൽനിന്ന് ആരെയും എം.പിയാക്കിയില്ലെന്ന് രാജ്കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ മേയിൽ മന്ത്രിസ്ഥാനം രാജിവെച്ച് ബി.എസ്.പിയിൽ ചേർന്ന രാജ്കുമാറിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയിരുന്നു. രാജ് കുമാര്‍ ആനന്ദ് അയോഗ്യനാക്കപ്പെട്ടതോടെ നിയമസഭയില്‍ എ.എ.പിയുടെ അംഗബലം 61 ആയി കുറഞ്ഞിരുന്നു. 2013 ല്‍ പട്ടേല്‍ നഗറില്‍നിന്ന് എ.എ.പി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാജ് കുമാര്‍ ആനന്ദിന്റെ ഭാര്യ വീണാ ആനന്ദ്. നിലവിൽ എം.എൽ.എയായ തൻവർ 2014ലാണ് ബി.ജെ.പിയിൽനിന്ന് രാജിവെച്ച് എ.എ.പിയിൽ എത്തിയത്.

തന്‍വറും അയോഗ്യനാക്കപ്പെടാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി നീക്കങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശികതലത്തിൽ അസംതൃപ്തരായ എ.എ.പി നേതാക്കളെ ക്യാമ്പിലെത്തിക്കുന്നതെന്നാണ് വിവരം.

Tags:    
News Summary - Former AAP minister Raj Kumar Anand join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.