അസം മുൻ എം.എൽ.എ ബി.ജെ.പി വിട്ടു; ഉടൻ കോൺഗ്രസിൽ ചേർന്നേക്കും

ഗുവാഹത്തി: അസം മുൻ എം.എൽ.എ അശോക് ശർമ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. മുതിർന്ന നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടത്ര ബഹുമാനവും പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. നൽബാരി മണ്ഡലത്തിലെ എം.എൽ.എയായിരുന്നു ശർമ. 2021ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനായിരുന്നു ഇദ്ദേഹം. അടുത്താഴ്ച അശോക് ശർമ കോൺഗ്രസിൽ ചേരുമെന്നാണ് കരുതുന്നത്.

ചില പാർട്ടി നേതാക്കളിൽ നിന്ന് ഒരുപാട് കാലമായി പീഡനങ്ങൾ നേരിടുകയാണ്. എന്നാൽ ഒരുനടപടിയും അക്കാര്യത്തിലുണ്ടായില്ല. അഭിമാനം സംരക്ഷിക്കാൻ പാർട്ടി വിടുകയല്ലാതെ മറ്റൊന്നും മുന്നിലില്ല. -രാജിക്കത്ത് നൽകിയ ശേഷം അശോക് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

മുതിർന്ന നേതാവായ ശർമ മുന്നുപതിറ്റാണ്ടിലേറെയായി ബി.ജെ.പിയിലുണ്ട്. 2016ലാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. അസമിൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയ വർഷമായിരുന്നു അത്. 2021ൽ അശോക് ശർമക്ക് സീറ്റ് നൽകാതെ ജയന്ത മല്ലയെ ആണ് ബി.ജെ.പി മത്സരിപ്പിച്ചത്. 2015ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. അസമിൽ ബി.ജെ.പി വിടുന്ന ആദ്യ മുതിർന്ന നേതാവാണ് ശർമ. തന്റെ രാജിയോടെ പാർട്ടിയിൽ അരികിലേക്ക് മാറ്റിനിർത്തിയ മുതിർന്ന നേതാക്കൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശർമ പറഞ്ഞു. തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്ന് ഉടനെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയിൽ മറ്റ് പാർട്ടി പാർട്ടികളിൽ നിന്ന് എത്തിയവർക്കാണ് മുൻഗണനയെന്നും മുതിർന്ന നേതാക്കളെ ഒതുക്കുകയാണെന്നും നേരത്തേ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുൻ സ്റ്റേറ്റ് പ്രസിഡന്റുമായ രാജൻ ഗൊഹെയ്നും പരാതി ഉന്നയിച്ചിരുന്നു. ​

Tags:    
News Summary - Former Assam MLA quits BJP citing likely to join Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.