ന്യൂഡൽഹി: ടി.ആർ.പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) മുൻ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്ത ആശുപത്രിയിൽ. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞത് മൂലമുണ്ടായ പ്രശ്നങ്ങെള തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ച ഒരുമണിയോടെയാണ് ദാസ്ഗുപ്തയെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികരണശേഷി നഷ്ടമായതിനെ തുടർന്ന് നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ടി.ആർ.പി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി എഡിറ്ററും അവതാരകനുമായ അർണബ് ഗോസ്വാമിയും പാർത്തോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്.
ഡിസംബർ 24ന് അറസ്റ്റിലായ പാർത്തോ ദാസ് തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ടി.ആർ.പി തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ ഇദ്ദേഹമാണെന്ന് മുംബൈ െപാലീസ് കണ്ടെത്തിയിരുന്നു. ഡിസംബർ 31ന് പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് നവി മുംബൈയിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മുംബൈ കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
അർണബ് ഗോസ്വാമിയും ദാസ്ഗുപ്തയും തമ്മിലെ 500 പേജുവരുന്ന വാട്സ്ആപ് ചാറ്റുകളാണ് പുറത്തുവന്നത്. ഇതോടെ ബി.ജെ.പിയുമായും പ്രധാനമന്ത്രിയുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും പുറത്തായിരുന്നു. കൂടാതെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കാൻ കഴിഞ്ഞാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് സഹായങ്ങൾ ലഭ്യമാക്കാമെന്ന് അർണബ് പാർത്തോ ദാസ്ഗുപ്തയോട് പറയുന്നതും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം വാങ്ങിനൽകണമെന്നായിരുന്നു പാർത്തോ ദാസ്ഗുപ്തയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.