പാട്ന: ചൈബാസ ട്രഷറി കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർ.ജെ.ഡി)അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈകോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. എന്നാൽ ദുംക ട്രഷറി കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ലാലു ജയിൽ തന്നെ തുടരും. 72 കാരനായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലാണ് കഴിയുന്നത്.
ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ 950 കോടിയുടെ കാലിത്തീറ്റ അഴിമതി കേസുമായി ബന്ധപ്പെട്ട് 1992-93 കാലഘട്ടത്തിൽ ചൈബാസ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ അധികമായി പിന്‍വലിച്ചതാണ് കേസ്. കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് അഞ്ച് വര്‍ഷം തടവ് അനുഭവിച്ചു.
ദുംക ട്രഷറി തട്ടിപ്പ് കേസിൽ 14 വർഷം തടവാണ് ലാലുവിന് വിധിച്ചിരുന്നത്. 1991 നും 1996 നും ഇടയിൽ ലാലു പ്രസാദ് യാദവ് മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ വഴി ദുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് ദുംക കേസ്. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ ആർ.ജെ.ഡി നേതാവ് ശിക്ഷിക്കപ്പെട്ടു. 3.5 വർഷം, 5 വർഷം, 14 വർഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. ഈ ശിക്ഷകളെല്ലാം അദ്ദേഹം ഒരുമിച്ച് അനുഭവിക്കുകയാണ്. 2017 മുതൽ അദ്ദേഹം ജയിലിലാണ്.
പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ലാലു പ്രസാദ് യാദവ് ആറ് കേസുകളിൽ ശിക്ഷിക്കപ്പെട്ടു. ദിയോഗർ ട്രഷറി കേസിൽ 2013 ഡിസംബറിൽ ജാാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കാലിത്തീറ്റ അഴിമതിക്കേസിൽ ഒന്നായ ദിയോഗർ ട്രഷറി കേസിൽ 3.5 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.
ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദ്ദവും ബാധിച്ചതിനാൽ രണ്ടുവർഷമായി ലാലു പ്രസാദ് യാദാവ് ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.
ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ലാലുവിന് നേരിട്ട് പങ്കെടുക്കാനാവില്ല. കാലിത്തീറ്റ കുംഭകോണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും പാർലമെൻറ് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.