ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. ആർ.എസ്.എസ് നിഷേധിച്ചുവെങ്കിലും കൂടിക്കാഴ്ച നടന്ന കാര്യം വിശ്വാസയോഗ്യമായ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലിനും അഞ്ചിനും ഇടക്കായിരുന്നു ഇരുവരും കണ്ടത്. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പൂർവിക വീടും ബോബ്ഡെ സന്ദർശിച്ചു.
നാഗ്പൂർ സ്വദേശിയായ ബോബ്ഡെ നിരവധി വർഷം നിയമജ്ഞനായി പ്രവർത്തിച്ചത് ഇവിടെയായിരുന്നു. ഒൗദ്യോഗക പദവിയിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിലും നാഗ്പൂരിലുമായി കഴിയുകയാണിപ്പോൾ.
ചീഫ് ജസ്റ്റിസായിരിക്കെ നാഗ്പൂരിൽ വെച്ച് ബി.ജെ.പി നേതാവിന്‍റെ മകന്‍റെ ആഢംബര ബൈക്കിൽ കയറി ബോബ്ഡെ ഫോട്ടോയെടുത്തത് വിവാദമായിരുന്നു. ബി.ജെ.പി. നേതാവ് സോൻബ മുസലെയുടെ മകന്‍റേതായിരുന്നു ബൈക്ക്.
ഈ വർഷം മാർച്ചിൽ, ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ഏകീകൃത സിവിൽ കോഡിനെ ബോബ്ഡെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.