'മുൻ കോൺഗ്രസ് നേതാക്കൾ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ'; അഭിഷേക് മനു സിങ്വിയുടെ ട്വീറ്റ് ചർച്ചയാകുന്നു

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി അടക്കം ആറു സംസ്ഥാനങ്ങളിൽ മുൻ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിമാരായത് ചർച്ചയാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് മനു സിങ്വിയുടെ ട്വീറ്റിന് പിന്നാലെയാണ് ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം കൈവന്നത്.

അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമ​ന്ത്രിയായതിന് പിന്നാലെയാണ് മുൻ കോൺഗ്രസ് നേതാക്കൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണാധികാരികളായത് ചൂണ്ടിക്കാട്ടി സിങ്വി ട്വീറ്റ് ചെയ്തത്. ''ബി.ജെ.പി അധികാരത്തിലേറിയ മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മുൻ കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിമാർ. അസമിൽ ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശിൽ പേമ ഖണ്ഡു, മണിപ്പൂരിൽ എൻ. ബൈറൻ സിങ്'' -ഇതായിരുന്നു സിങ്വിയുടെ ട്വീറ്റ്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ യാദൃശ്ചികമായി സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് താൻ അക്കാര്യം ട്വീറ്റ് ചെയ്തതെന്നാണ് സിങ്വി പിന്നീട് വിശദീകരിച്ചത്.

ഈ മൂന്ന് മുൻ നേതാക്കളെ കൂടാതെ, കോൺഗ്രസ് വിട്ടവരും കോൺഗ്രസ് നേതാക്കളുടെ മക്കളും വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ച മമത ബാനർജിയും പുതുച്ചേരിയിൽ മുൻ കോൺഗ്രസ് നേതാവും എൻ.ആർ. കോൺഗ്രസ് സ്ഥാപകനുമായ എൻ. രംഗസ്വാമിയും ഭരണസാരഥ്യത്തിലേറി. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രയിൽ നിലവിൽ മുഖ്യമന്ത്രിയാണ്.

2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെയാണ് ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രി തരുൺ ഗൊഗോയ്​യുടെ നേതൃത്വത്തെ ചോദ്യം ചെയ്​ത് രംഗത്തുവന്നത്. അസമിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ വിജയിക്കണമെങ്കിൽ തലമുറമാറ്റം വേണമെന്ന്​ ഹിമന്ത ഹൈകമാന്‍റിനെ അറിയിച്ചു. സോണിയ ഗാന്ധിയും അന്തരിച്ച അഹമദ്​ പ​ട്ടേലും ഹിമാന്തയെ അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന്​ ഉറപ്പും നൽകി.

ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ ഹിമന്തക്കാണെന്ന്​ മല്ലികാർജുൻ ഖാർഖെ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്​ഥാനത്തിലായിരുന്നു അത്​. എന്നാൽ, രാഹുൽ ഗാന്ധി ചുവപ്പുകൊടി വീശിയതോടെ ഹിമന്ത പാർട്ടി വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറി. കോൺഗ്രസിന്‍റെ ശക്​തിയും ദൗർബല്യവും തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളും നന്നായി അറിയാവുന്ന ഹിമന്തയുടെ നേതൃമികവിലാണ്​ ബി.ജെ.പി അസമിൽ ഭരണം പിടിച്ചത്​.

Tags:    
News Summary - Former Congress leaders now helm six states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.