ന്യൂഡൽഹി: ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്റെ മഹാരാജാവ് തന്റെ അനന്തരവനും മുൻ ക്രിക്കറ്റ് താരവുമായ അജയ് ജഡേജയെ സിംഹാസനത്തിന്റെ പുതിയ അവകാശിയായി പ്രഖ്യാപിച്ചു. 1992നും 2000നും ഇടയിൽ ഇന്ത്യക്കായി 196 ഏകദിനങ്ങളും 15 ടെസ്റ്റ് മത്സരങ്ങളും കളിച്ച 53 കാരനായ ക്രിക്കറ്റ് താരം ജാംനഗർ രാജകുടുംബത്തിന്റെ പിൻഗാമിയാണ്. അജയ് ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജയുടെ ബന്ധുസഹോദരനാണ് ജാംനഗർ മഹാരാജാവായ ശത്രുസല്യസിൻഹ് ജഡേജ. 1971 മുതൽ 1984 വരെ മൂന്ന് തവണ ജാംനഗറിൽനിന്ന് പാർലമെന്റ് അംഗമായിരുന്നു ജഡേജയുടെ പിതാവ് ദൗലത്സിംഗ്ജി ജഡേജ.
ദസറയുടെ ആഘോഷ വേളയായ ശനിയാഴ്ചയാണ് അനന്തരാവകാശ പ്രഖ്യാപനം നടന്നത്. ‘പാണ്ഡവർ വനവാസത്തിൽ നിന്ന് വിജയിച്ച ദിനത്തെ അടയാളപ്പെടുത്തുന്നതാണ് ദസറ ഉത്സവമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് ഈ ദിനത്തിൽ എന്റെ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിൽ ഞാൻ സന്തോഷവാനാണ്. അജയ് ജഡേജ ജാംനഗറിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് യഥാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു - ശത്രുസല്യസിൻഹ് ജഡേജ പ്രസ്താവനയിൽ പറഞ്ഞു.
1966-67 കാലഘട്ടത്തിൽ രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയുടെ ക്യാപ്റ്റനായും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ തലവനായും സേവനമനുഷ്ഠിച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു മഹാരാജ ശത്രുസല്യസിൻഹിജി. പിതാവിന്റെ മരണശേഷം 1966 ഫെബ്രുവരി 3ന് നവനഗറിന്റെ തലവനാവുകയും പിന്നീട് വിവാഹമോചനം നേടി നേപ്പാൾ രാജകുടുംബത്തിലെ അംഗത്തെ വിവാഹം കഴിക്കുകയും ചെയ്തു. 1907 മുതൽ 1933 വരെ നവനഗർ ഭരിച്ച ഇതിഹാസ ക്രിക്കറ്റ് താരം രഞ്ജിത് സിംഗ് ജഡേജയുടെ പിൻഗാമികളാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.