പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ രവി സീതാറാം നായിക് ബി.ജെ.പിയിൽ. പോണ്ടയിലെ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതായി ഗോവ നിയമസഭ സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് പോണ്ടയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ രവി നായിക് ബി.ജെ.പിയിൽ ചേരും.
രവി നായിക് കൂടി കോൺഗ്രസ് വിടുന്നതോടെ ഗോവ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, നേതാക്കൾ പാർട്ടി വിടുകയായിരുന്നു.
രണ്ടാം തവണയാണ് നായിക് ബി.ജെ.പിയിൽ ചേരുന്നത്. 2000 ഒക്ടോബറിൽ മനോഹർ പരീക്കർ വിവിധ പാർട്ടികളിൽനിന്നുള്ള എം.എൽ.എമാരുമായി സർക്കാർ രൂപീകരിച്ചപ്പോൾ നായിക് ബി.ജെ.പിയിൽ ചേർന്നു. പരീക്കർ സർക്കാറിൽ ഉപമുഖ്യമന്ത്രിയായിരുന്നു നായിക്. 2002ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.
നായിക്കിന്‍റെ രണ്ട് മക്കളും ബി.ജെ.പിയിൽ ചേർന്നതിന് ശേഷം പാർട്ടി പരിപാടികളിൽ രണ്ടരവർഷമായി സജീവമല്ലായിരുന്നു നായിക്. റിതേഷ്, റോയ് എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ കോൺഗ്രസ് നായിക്കിൽനിന്ന് അകലം പാലിക്കുകയും പാർട്ടി അധ്യക്ഷൻ ഗീരീഷ് ചോദങ്കർ നായിക്കിനെ കോൺഗ്രസ് എം.എൽ.എയായി കണക്കാക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.