മനോഹർലാൽ ഖട്ടർ

എം.എൽ.എ സ്ഥാനവും രാജിവെച്ച് മനോഹർലാൽ ഖട്ടർ

ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എം.എൽ.എ സ്ഥാനം രാജിവെച്ചു. കർണാൽ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു അദ്ദേഹം. അവസാന ശ്വാസം വരെ ഹരിയാനയിലെ ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ മുഖ്യമന്ത്രി നയാബ് സിങ് സെയ്നി മണ്ഡലത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നയാബ് സെയ്നി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് മുൻ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ചയാണ് മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവെച്ചത്. സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം ഗവർണർക്ക് രാജിസമർപ്പിക്കുകയായിരുന്നു. ലോക്സഭാ സീറ്റിനെ ചൊല്ലി ബി.ജെ.പിയും ജന്‍നായക് ജനതാ പാര്‍ട്ടിയും (ജെ.ജെ.പി) തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് ഖട്ടറിന്‍റെ രാജി.

രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് തർക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെ.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച അവർ 4.9 ശതമാനം വോട്ട് നേടിയിരുന്നു. 

Tags:    
News Summary - Former Haryana Chief Minister Manohar Lal Khattar resigns as MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.