ജമ്മു: ജമ്മു-കശ്മീരിൽ നിയന്ത്രണരേഖക്കരികെ പൂഞ്ച്, രജൗരി ജില്ലകളിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഒാഫിസർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതലാണ് മേഖലയിൽ നിയന്ത്രണരേഖക്കു സമീപത്തെ സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കുംനേരെ പാകിസ്താൻ ആക്രമണം ശക്തമാക്കിയത്.
രജൗരിയിലാണ് നാല് ജവാന്മാർ കൊല്ലപ്പെട്ടത്. പൂഞ്ചിൽ സൈനികനും രണ്ട് കൗമാരക്കാർക്കും പരിക്കേറ്റു. ഷാഹ്പുർ ഗ്രാമത്തിലെ ഷഹ്നാസ് ബാനുവിനും (15) യാസീൻ ആരിഫിനും (14) ആണ്പരിക്കേറ്റതെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൈനികവൃത്തങ്ങൾ അറിയിച്ചു. ഒാേട്ടാമാറ്റിക് ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ച് പാക് സൈന്യം വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു. ഒരു പ്രകോപനവും കൂടാതെ 11 മണിയോെട തുടങ്ങിയ പാക് ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
രജൗരി ജില്ലയിലെ മനോജ്കോട്ട സെക്ടറിലെ നേകാ പഞ്ച്ഗ്രെയ്ൻ, ടർകുൻഡി എന്നിവിടങ്ങളിൽ വൈകീട്ട് മൂന്നു മണിയോടെ വീണ്ടും ആക്രമണമുണ്ടായി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിനെ തുടർന്ന് ഇവിടെ വൈകിയും വെടിവെപ്പ് തുടരുകയാണ്. ഇന്ത്യക്ക് സമാധാനമാണ് ആഗ്രഹമെങ്കിലും പാകിസ്താൻ ആക്രമണത്തിന് മുൻകൈയെടുക്കുേമ്പാൾ തിരിച്ചടിക്കാതിരിക്കാനാവില്ലെന്ന് അഗർതലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.
പാകിസ്താനിൽനിന്നുള്ള ഒാരോ ബുള്ളറ്റിനും അനവധി ബുള്ളറ്റുകൾകൊണ്ട് മറുപടി നൽകാനാണ് സൈന്യത്തിന് നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണവാർത്തയെത്തിയത്. ജമ്മു, കാതുവ, സാംബ ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിക്കു സമീപവും പൂഞ്ച്, രജൗറി ജില്ലകളിൽ നിയന്ത്രണരേഖക്കരികെയും പാക് സൈന്യം നിരന്തരമായി ആക്രമണം നടത്തിവരുകയാണ്. ഇൗ വർഷം ഇതുവരെ എട്ട് സിവിലിയന്മാരടക്കം 17 പേർ കൊല്ലപ്പെടുകയും 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.