ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താൻ തീവ്രവാദി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടു പേർ വ്യവസായികളാണ്. ഇതിലൊരാൾ തീവ്രവാദികളുടെ സഹായിയാണെന്ന് പൊലീസ് ആരോപിച്ചു. അൽതാഫ് ഭട്ട്, ഡോ. മുദസ്സിർ ഗുൽ എന്നിവരാണ് കൊല്ലപ്പെട്ട വ്യവസായികൾ.
കൊല്ലപ്പെട്ട ബിലാൽ ഭായ് എന്ന െഹെദർ പാകിസ്താനിയാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാൾ ബനിഹാൾ സ്വദേശിയായ പ്രാദേശിക തീവ്രവാദിയാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അൽതാഫിനും മുദസ്സിറിനും തീവ്രവാദവുമായി ഒരു ബന്ധവുമില്ലെന്നും അവരെ ഒരു കാരണവുമില്ലാതെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന ശ്രീനഗറിലെ ഹൈദർപോറയിലെ കെട്ടിടത്തിെൻറ ഉടമയായിരുന്നു അൽതാഫ്. അൽതാഫ് മുദസ്സിറിന് കട വാടകക്ക് കൊടുത്തിരുന്നു. കരാറുകാരനും ദന്ത ഡോക്ടറുമായ മുദസിർ ഇവിടെ വ്യാജ കോൾ സെൻറർ നടത്തിയിരുന്നതായും ബിസിനസിെൻറ മറവിൽ തീവ്രവാദികൾക്ക് സഹായമൊരുക്കിയിരുന്നുവെന്നുമാണ് പൊലീസിെൻറ ആരോപണം. ഒരു കടമുറി തീവ്രവാദികളുടെ ഒളിത്താവളമായിരുന്നുവെന്ന് കശ്മീർ പൊലീസ് ഐ.ജി വിജയകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
'തിരച്ചിൽ നടത്തിയ സംഘത്തിനു നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിത്താവളം സംബന്ധിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ, അൽതാഫിനെയും ഗുലിനെയും വിളിച്ചു. കടയുടെ വാതിലിൽ മുട്ടിയപ്പോൾ തീവ്രവാദികൾ അപ്രതീക്ഷിതമായി വെടിയുതിർത്തു. തുടർന്നാണ് സേന തിരിച്ചടിച്ചത്. അൽതാഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ആരുടെ വെടിയേറ്റാണ് മരണമെന്നത് അന്വേഷണ വിഷയമാണ്'- ഐ.ജി പറഞ്ഞു. അന്ത്യകർമങ്ങൾക്കായി ഇരുവരുടെയും മൃതദേഹം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ക്രമസമാധാന പ്രശ്‌നമുന്നയിച്ച് പൊലീസ് വിട്ടുനൽകിയില്ല. ശ്രീനഗറിൽ നിന്ന് 100 കി.മീ. അകലെ വടക്കൻ കശ്മീരിലെ ഹന്ദ്വാര മേഖലയിൽ നാലു മൃതദേഹങ്ങളും ഖബറടക്കിയതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെ സൗകര്യപൂർവം തീവ്രവാദികളാക്കുകയുമാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നത് മനസ്സിലാക്കാം, എന്നാൽ, വാണിജ്യ സമുച്ചയത്തിെൻറ ഉടമയും ഡോക്ടറും ഇതിൽ എങ്ങനെ ഉൾപ്പെടുമെന്നും മഹ്ബൂബ മുഫ്തി ചോദിച്ചു. വ്യവസായികളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് നാഷനൽ കോൺഫറൻസും ഏറ്റുമുട്ടലിൽ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് സർക്കാർ നടത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കണമെന്നും ജമ്മു-കശ്മീർ പീപ്ൾസ് കോൺഫറൻസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.