തൊഴിൽ പെർമിറ്റ് പുതുക്കിയില്ല; ഫ്രഞ്ച് മാധ്യമപ്രവർത്തകൻ സെബാസ്റ്റ്യൻ ​ഫ്രാൻസിസ് ഇന്ത്യ വിട്ടു

ന്യൂഡൽഹി: കേന്ദ്രസർക്കാർ തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ 13 വർഷമായി ഇന്ത്യയിൽ ​ജോലി ​ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവർത്തകൻ ​സെബാസ്റ്റ്യൻ ഫ്രാൻസിസ് രാജ്യംവിട്ടു. മാർച്ച് ഏഴിനാണ് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് ഇദ്ദേഹത്തിന് വിവരം ലഭിച്ചത്. എന്നാൽ പെർമിറ്റ് പുതുക്കി നൽകാത്തതിന് സർക്കാർ കാരണം വിശദീകരിച്ചില്ല. 2021 മാർച്ച് മുതലാണ് ഒ.സി.ഐ വിസയുള്ള വിദേശ മാധ്യമ പ്രവർത്തകരായി തൊഴിൽ പെർമിറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ നിയമം ​കൊണ്ടുവന്നത്.

ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ മാധ്യമപ്രവർത്തകരുടെ നിലനിൽപ് വെല്ലുവിളിയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദ കമ്മിറ്റി ടു ​പ്രൊട്ടക്റ്റ് ജേണലിസ്റ്റ്(സി.പി.ജെ) അഭിപ്രായപ്പെട്ടു. എത്രയും വേഗം സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ വർക് പെർമിറ്റ് പുതുക്കി നൽകണമെന്നും മാധ്യമപ്രവർത്തകർക്ക്​ ജോലി ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്ന നിയമപരമായ സാ​ങ്കേതിക നൂലാമാലകൾ ഇല്ലാതാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ വിദേശ മാധ്യമപ്രവർത്തകർക്ക് ഇവിടെ ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

റേഡിയോ ഫ്രാൻസ് ഇന്റർനാഷനൽ, റേഡിയോ ഫ്രാൻസ്, ലി​ബറേഷൻ തുടങ്ങി നിരവധി ഫ്രഞ്ച്, ബെൽജിയം വാർത്ത മാധ്യമ സ്ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട് സെബാസ്റ്റ്യൻ ഫ്രാൻസിസ്. താനൊരിക്കലും അനുമതി വാങ്ങാതെ നിരോധിത-സംരക്ഷിത മേഖലകളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പോയിട്ടില്ലെന്നും എപ്പോഴും നിയമങ്ങൾക്ക് അനുസരിച്ചാണ് ജോലി ചെയ്തിരുന്നതെന്നും ആവശ്യമായ എല്ലാ രേഖകളും അക്രഡിറ്റേഷനുകളും വിസയും കൈവശമുണ്ടെന്നും ഫ്രാൻസിസ് വിശദീകരിച്ചു.

അതിർത്തികളിൽ പോലും റിപ്പോർട്ടിങ്ങിനായി നേരത്തേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്ന കാര്യവും അദ്ദേഹം ഓർമപ്പെടുത്തി. ഇന്ത്യക്കാരിയെ ആണ് ​ഫ്രാൻസിസ് വിവാഹം കഴിച്ചത്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒ.സി.ഐ) വിസയിലാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്. തന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യം കൂടിയാണ് വർക് പെർമിറ്റ് റദ്ദാക്കിയത്. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് താൻ. എന്റെ രണ്ടാമത്തെ ജൻമഭൂമിയാണ് ഇന്ത്യ. ജോലിയില്ലാതെ വരുമാനമുണ്ടാകില്ല. ഒരു വിശദീകരണം പോലും നൽകാതെയാണ് എന്റെ കുടുംബത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയത്. ഒരു കാരണവും ബോധിപ്പിക്കാതെ ഒരു ദിവസവും കുടുംബ​ത്തെ വേരോടെ നാടുകടത്തിയിരിക്കുകയാണ്.-​ഫ്രാൻസിസ് പറഞ്ഞു.

നാലുമാസത്തിനിടെ രാജ്യം വിടാൻ നിർബന്ധിതനായ രണ്ടാമത്തെ ഫ്രഞ്ച് മാധ്യമപ്രവർത്തകനാണ് ഫ്രാൻസിസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൊഴിൽ പെർമിറ്റ് പുതുക്കി നൽകാത്തതിനെ തുടർന്ന് വനേസ ഡോഗ്നക് രാജ്യം വിട്ടത്. രണ്ടുവർഷത്തിനിടെ ഇത്തരത്തിൽ ചുരുങ്ങിയ അഞ്ചു മാധ്യമപ്രവർത്തകർ ഇന്ത്യയിൽ ജോലിചെയ്യുന്നതിന് വിലക്ക് നേരിട്ടതായി സി.പി.ജെ ചൂണ്ടിക്കാട്ടി.

Tags:    
News Summary - French journalist Sébastien Farcis leaves India after permit not renewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.