ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ വീണ്ടും സംഘർഷം. വെടിവെപ്പുണ്ടാവുകയും ഉപേക്ഷിക്കപ്പെട്ട വീടിന് തീയിടുകയും ചെയ്തു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മെയ്തേയി, ഹമർ കമ്യൂണിറ്റികൾ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായിരിക്കുന്നത്.
ലാൽപാനി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട വീടിനാണ് ആയുധങ്ങളുമായെത്തിയ ആൾക്കൂട്ടം തീവെച്ചത്. ഉപേക്ഷിക്കപ്പെട്ട ചില കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സുരക്ഷാവീഴ്ച പരിശോധിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ആയുധങ്ങളുമായെത്തിയവർ നിരവധി തവണ ഗ്രാമത്തിന് നേരെ വെടിയുതിർത്തുവെന്നാണ് സൂചന. വെടിവെപ്പുണ്ടായ ഉടൻ സുരക്ഷാസേന സംഭവസ്ഥലത്തേക്ക് എത്തി.
അസമിലെ സി.ആർ.പി.എഫ് കേന്ദ്രത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ മെയ്തേയി ഹമർ കമ്യൂണിറ്റികൾ കഴിഞ്ഞ ദിവസം ഒരു കരാറിൽ ഒപ്പിട്ടിരുന്നു. ജിരിബാം ജില്ലാ ഭരണകൂടത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. താഡോ, പായ്റ്റെ, മിസോ കമ്യൂണിറ്റികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നായിരുന്നു കരാറിന്റെ ഉള്ളടക്കം.
മണിപ്പൂരിൽ ഇംഫാൽ താഴ്വരയിൽ കുക്കി-മെയ്തേയ് സംഘർഷത്തിൽ ഇതുവരെ 200ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർ സംഘർഷങ്ങളെ തുടർന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വിവിധ സമുദായങ്ങൾ കഴിയുന്ന ജിരിബാമിൽ സംഘർഷം താരതമ്യേന കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.