ബി.ജെ.പിയും ഭാരത രാഷ്ട്ര സമിതിയും മജ്ലിസേ ഇത്തിഹാദുൽ മുസ്ലിമൂനും കൂടിയുള്ള മുക്കൂട്ട് മുന്നണിയാണ് തെലങ്കാനയിൽ കോൺഗ്രസിനെ നേരിടുന്നതെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഢി. അമിത്-അസദ് ഡബിൾ എൻജിനാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ മുന്നണിയെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തോൽപിക്കുമെന്നും തെലങ്കാനയിലെ സീറ്റു ചർച്ചക്കായി ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രേവന്ത് റെഡ്ഢി ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
? തെലങ്കാനയിൽ കോൺഗ്രസിന്റെ സാന്നിധ്യമേയില്ലെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറയുന്നത്. ഇതുതന്നെ ആവർത്തിക്കുന്ന മന്ത്രി കെ.ടി. രാമറാവു, ഇല്ലാത്ത കോൺഗ്രസിന് എവിടെനിന്ന് വോട്ടുകിട്ടാനാണ് എന്നും ചോദിക്കുന്നു
* തെലങ്കാനയിൽ കോൺഗ്രസേ ഇല്ലെങ്കിൽ അവർ എന്തിനാണിത്ര പേടിക്കുന്നത്? മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും മകൻ കെ.ടി. രാമറാവുവും നിരന്തരം കോൺഗ്രസിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്തിനാണ്? കോൺഗ്രസിനെ കാണിക്കാതിരിക്കാൻ മാധ്യമങ്ങളിൽ എല്ലാ സമ്മർദവുമുപയോഗിക്കുകയാണ് ബി.ആർ.എസ് സർക്കാർ. ഭരണപക്ഷത്തിന്റെ പ്രചാരണം മാത്രമാണ് മാധ്യമങ്ങളിൽ കാണുന്നത്. മാധ്യമങ്ങൾ പൂർണമായും കെ.സി.ആറിന്റെ പിടിയിലമർന്നുകഴിഞ്ഞു. നമസ്തേ തെലങ്കാന, തെലങ്കാന ടുഡെ തുടങ്ങിയ പത്രങ്ങളെല്ലാം കെ.സി.ആറിനായി കോൺഗ്രസിനെതിരെ വ്യാജ വാർത്തകൾ ചമച്ചുകൊണ്ടിരിക്കുകയാണ്. ബി.ആർ.എസിനുവേണ്ടി പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ എട്ടും പത്തും വർഷങ്ങളായി ട്രാൻസ്ഫർ ചെയ്യാതെ ഒരേസ്ഥലത്ത് നിലനിർത്തുകയാണ്.
വിരമിച്ചശേഷവും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ വർഷങ്ങളായി കരാറടിസ്ഥാനത്തിൽ സർവിസിൽ തുടരുന്നുണ്ട്. ബിസിനസുകാരെ വിളിച്ച് ബി.ആർ.എസിന് തെരഞ്ഞെടുപ്പ് ഫണ്ട് നൽകണമെന്ന് അവരാണ് ആവശ്യപ്പെടുന്നത്. ഇവരെത്തന്നെയാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരായ പ്രതികാരനടപടികൾക്ക് ഉപയോഗപ്പെടുത്തുന്നത്. തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷമെന്ന നിലയിൽ ഇക്കാര്യങ്ങളിൽ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
? രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ഇ.ഡി ഇറങ്ങിയല്ലോ? ഇ.ഡി ഇനി തെലങ്കാനയിലുമിറിങ്ങുമോ
* തെരഞ്ഞെടുപ്പ് വന്നാൽ ബി.ജെ.പിയുടെ ഈ പോഷകസംഘടനകൾ എല്ലാമിറങ്ങും. ബി.ജെ.പിയോടൊപ്പം നിന്നില്ലെങ്കിൽ അവരെയും നേരിടേണ്ടി വരും. കർണാടകയിലും ഇ.ഡി ഇറങ്ങി. എന്നിട്ടും ജയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. രാജസ്ഥാനിലും ഇപ്പോൾ അതേ ശ്രമമാണ്. കർണാടകയിലേതുപോലെ രാജസ്ഥാനിലും ബി.ജെ.പി തോൽക്കാൻ പോകുകയാണ്.
എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലുള്ള റെയ്ഡ് തെലങ്കാനയിൽ നടക്കുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പേടിപ്പിക്കാനും ഭീകരാവസ്ഥ സൃഷ്ടിക്കാനും കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയുമായി സഹകരിക്കുന്നവർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബി.ജെ.പി ഉപയോഗിക്കുകയാണ്. എന്നാൽ, തെലങ്കാനയിൽ ബി.ആർ.എസിന്റെ നേതാക്കളെ കേന്ദ്ര ഏജൻസികൾ തൊടുന്നില്ല.
? ആർക്കും ഭൂരിപക്ഷമില്ലാതെവന്നാൽ സർക്കാറുണ്ടാക്കാൻ ഉവൈസിയുടെ എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കില്ലെന്ന് ഉറപ്പിച്ച് പറയാനാകുമോ
* ചാനലുകളിൽ വന്ന അഭിപ്രായ വോട്ടെടുപ്പ് ഫലം കണ്ടായിരിക്കും തെലങ്കാനയിൽ തൂക്കുസഭ വന്നാൽ എന്തുചെയ്യും എന്ന് നിങ്ങൾ ചോദിക്കുന്നത്. തെലുഗു സംസാരിക്കുന്ന ജനത തൂക്കുസഭയോ കുറഞ്ഞ ഭൂരിപക്ഷത്തോടെയുള്ള വിജയമോ നൽകിയ ചരിത്രമില്ല. അതിനാൽ കോൺഗ്രസ് എം.ഐ.എമ്മിനൊപ്പം പോകുമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. എം.ഐ.എമ്മും ബി.ജെ.പിയും കോൺഗ്രസിനെ തോൽപിക്കാൻ നടക്കുകയുമാണ്.
അസദുദ്ദീൻ ഉവൈസി തന്റെ ‘ബഡേ ഭായി’ അമിത് ഷായെ വിട്ട് എങ്ങനെ ഞങ്ങളുടെ അടുത്തേക്കുവരും? അദാനിയും പ്രധാനിയും പോലെയാണ് അമിത് ഭായി-അസദ് ഭായി ബന്ധം. അസദും അമിതും ഡബിൾ എൻജിനാണ്. ആ ഡബിൾ എൻജിനെ വേർപെടുത്താൻ നിങ്ങൾക്കാകില്ല. അതിനാൽ എം.ഐ.എമ്മുമായി ധാരണയെന്നൊരു ആലോചനയേ കോൺഗ്രസിനില്ല. തെലങ്കാനയിൽ കോൺഗ്രസ് സർക്കാറുണ്ടാക്കും.
? വിജയത്തെക്കുറിച്ച് ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണ്
* തെലങ്കാനയിൽ കെ.സി.ആറിന്റെ പ്രതിച്ഛായ പാടെ തകർന്നിരിക്കുന്നു. രണ്ട് തവണ മുഖ്യമന്ത്രിയാകാൻ ജനം അദ്ദേഹത്തിന് അവസരം നൽകി. 10 വർഷത്തിനുളളിൽ 22,75,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. വാഗ്ദാനങ്ങളൊന്നും കെ.സി.ആറിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കെ.സി.ആറും കുടുംബവും തെലങ്കാനയെ കൊള്ളയടിക്കുകയായിരുന്നു.
ഇന്നുവരെ തെലങ്കാന കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തെ സാക്ഷിയാക്കി കഴിഞ്ഞ മാസം സോണിയ ഗാന്ധി പ്രഖ്യാപിച്ച ഗാരന്റികളോടെ സ്ഥിതി മാറി. തെലുഗരുടെ 40 വർഷത്തെ രാഷ്ട്രീയചരിത്രം നോക്കൂ. അവർ ഒരിക്കലും തൂക്കുസഭ തിരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടാണ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാറുണ്ടാക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നത്.
? കോൺഗ്രസും ബി.ജെ.പിയും ചേർന്ന് തങ്ങളെ നേരിടുകയാണ് എന്നാണല്ലോ ബി.ആർ.എസിന്റെ ആരോപണം
* ബി.ജെ.പിയെയും ബി.ആർ.എസിനെയും കുറിച്ച് മാത്രം ചോദിക്കുന്ന മാധ്യമപ്രവർത്തകർ മൂന്നാമത്തെ കൂട്ട് മറന്നുപോകുന്നു. ബി.ജെ.പി-ബി.ആർ.എസ്-എം.ഐ.എം എന്നിവ ഒരു ഗ്യാങ്ങാണ്. ഈ മുക്കൂട്ട് കമ്പനിയാണ് തെലങ്കാനയെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. മൂവരും ചേർന്നാണ് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്.
കർണാടകയിൽ ബി.ജെ.പിയും ജനതാദൾ എസും സഖ്യമാണെന്നും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്നും തെരഞ്ഞെടുപ്പിനു മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്നത് വ്യക്തമായി. ജനതാദൾ എസും ബി.ജെ.പിയും ഒരുമിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാൻപോകുകയാണ്. ഇതിന് സമാനമായ സ്ഥിതിയാണ് തെലങ്കാനയിലും. ഭരണവിരുദ്ധ വികാരം ശക്തമാണ്. സർക്കാറിനെതിരെ വീഴുന്ന ആ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ബി.ആർ.എസും ബി.ജെ.പിയും വെവ്വേറെ മത്സരിക്കുന്നത്. എം.ഐ.എമ്മും ചില സീറ്റുകളിൽ മത്സരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബി.ആർ.എസും ബി.ജെ.പിയും സഖ്യം പ്രഖ്യാപിക്കും.
? പ്രധാനമന്ത്രി കെ.സി.ആറിനെ രൂക്ഷമായി വിമർശിക്കുന്നുണ്ടല്ലോ
* പ്രസംഗത്തിൽ പറയുന്നത് നോക്കേണ്ട. പ്രധാനമന്ത്രിയും തെലങ്കാന മുഖ്യമന്ത്രിയും അടുത്ത ബന്ധമാണ്. അവർ തമ്മിലുള്ള ബന്ധം തകർക്കാൻ ആർക്കും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.