കൂടിക്കാഴ്ച ഫലപ്രദം; അന്തർ സംസ്ഥാന വിഷയങ്ങൾ ചർച്ചയായെന്നും കർണാടക മുഖ്യമന്ത്രി

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. അന്തർ സംസ്ഥാന, പരസ്പര സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നും ബൊമ്മെ അറിയിച്ചു.

കൂടിക്കാഴ്ചക്കുശേഷം ട്വിറ്ററിലൂടെയാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം. ഞായറാഴ്ച രാവിലെ 9.30ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

എൻ.എച്ച് 766ലെ രാത്രികാല നിയന്ത്രണത്തിന് ബദൽ സംവിധാനമായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയാറാക്കുന്ന മൈസൂരു-മലപ്പുറം ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തോൽപ്പെട്ടി മുതൽ പുറക്കാട്ടിരി വരെയും സുൽത്താൻ ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പാക്കാൻ കേരളവും കർണാടകവും സംയുക്തമായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയിൽ കർണാടക ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രി വി. സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കർണാടക ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Tags:    
News Summary - fruitful meeting with Pinarayi Vijayan -Karnatak chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.