13,000​ കോടി തട്ടി നാടുവിട്ട മെഹുൽ ചോക്​സിയെ ആൻറിഗ്വയിൽ കാണാനില്ല. തിരഞ്ഞിറങ്ങി പൊലീസ്​

ലണ്ടൻ: പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ ബന്ധുവായ നീരവ്​ മോദിക്കൊപ്പം 13,000 കോടി രൂപ തട്ടി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന്​ കാണാതായി. ഇന്ത്യയിൽ അന്വേഷണ സംഘം തിരയുന്ന ചോക്​സി നാടുവിട്ട്​ അടുത്തിടെ ആൻറിഗ്വ ആൻറ്​ ബർബുഡ പൗരത്വമെടുത്തിരുന്നു. ഇവിടെ കഴിഞ്ഞുവരുന്നതിനിടെയാണ്​ മുങ്ങിയതെന്ന്​ ​പൊലീസ്​ പറയുന്നു.

തിങ്കളാഴ്​ച ഭക്ഷണത്തിനായി വൈകുന്നേരം വീടുവിട്ടിറങ്ങിയ ചോക്​സിയെ പിന്നീട്​ കണ്ടിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ചോക്​സി സഞ്ചരിച്ച വാഹനം പിന്നീട്​ പരിസരത്തെ ജോളി തുറമുഖത്ത്​ കണ്ടുകിട്ടി. ഇദ്ദേഹത്തെ കാണാതായതായും കുടുംബം ആശങ്കയിലാണെന്നും ചോക്​സിയുടെ അഭിഭാഷകൻ പറഞ്ഞു.

ദേശസാത്​കൃത ബാങ്കായി പഞ്ചാബ്​ നാഷനലിൽനിന്ന്​ വൻതുക തട്ടി നാടുവിട്ട സംഭവത്തിൽ ബന്ധുവായ നീരവ്​ മോദി ലണ്ടനിലെ ജയിലിലാണ്​. ഇന്ത്യയിലേക്ക്​ നാടുകടത്തരുതെന്നാവശ്യപ്പെട്ട്​ നൽകിയ കേസ്​ കോടതി പരിഗണനയിലാണ്​. 2018 ജനുവരി ആദ്യവാരം ഇന്ത്യ വിടുന്നതിന്​ മുമ്പായി 2017ലാണ്​ ചോക്​സി ആൻറിഗ്വ പൗരത്വമെടുത്തത്​. നിക്ഷേപകർക്ക്​ നൽകുന്ന ആനുകൂല്യം ഉപയോഗിച്ചായിരുന്നു പൗരത്വം. ​ നാടുവിട്ടതിന്​ തൊട്ടുപിറകെ തട്ടിപ്പ്​ വാർത്ത പുറത്തെത്തുകയും ചെയ്​തു.

ചോക്​സിയും ത​െൻറ കമ്പനി ഗീതാഞ്​ജലി ജെംസും ചേർന്നാണ്​ ശതകോടികളുടെ വായ്​പയെടുത്ത്​ മുങ്ങിയത്​. ചില ബാങ്ക്​ ഉദ്യോഗസ്​ഥരുമായി ഒത്തുകളിച്ചായിരുന്നു വലിയ തുക വായ്​പ തരപ്പെടുത്തിയതെന്ന്​ അന്വേഷണ സംഘം കണ്ടെത്തി. ഗീതാഞ്​ജലി ഗ്രൂപി​െൻറ പേരിലുള്ള 14.45 കോടിയുടെ ആസ്​തി കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Fugitive Businessman Mehul Choksi Goes Missing In Antigua, Police Launch Manhunt: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.