ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും തിങ്കളാഴ്ച (ഫെബ്രുവരി 7) മുതൽ ജോലിക്കായി ഓഫിസിൽ ഹാജരാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് വീട്ടിലിരുന്നുള്ള ജോലി (വർക്ക് ഫ്രം ഹോം) നിർത്തലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"കോവിഡ് വ്യാപനം സംബന്ധിച്ച് സ്ഥിതിഗതികൾ ഇന്ന് അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതൽ ഓഫിസുകൾ പൂർവസ്ഥിതിയിലാക്കാൻ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫിസുകളിൽ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി 7 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും" -മന്ത്രി പറഞ്ഞു.
ജീവനക്കാർ മാസ്ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോളിൽ വിട്ടുവീഴ്ച അരുത് -അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി 3 നാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു. ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാൽ, രോഗികളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് വർക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടിയതായി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതാണ് ഇന്ന് മന്ത്രി റദ്ദാക്കിയത്.
"ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച്, സ്ഥിതിഗതികൾ അവലോകനം ചെയ്തു. എല്ലാ വിഭാഗം ജീവനക്കാരും യാതൊരു വീഴ്ചയും കൂടാതെ തിങ്കളാഴ്ച മുതൽ ജോലിക്ക് ഹാജരാകണം. ഒരു ജീവനക്കാരനും ഇനി വർക്ക് ഫ്രം-ഹോം സംവിധാനം ഉണ്ടാകില്ല" - ജിതേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.