ന്യൂഡൽഹി: ധനസമാഹരണം ലക്ഷ്യമിട്ട് കേന്ദ്രം സ്വകാര്യ മേഖലക്ക് വിൽക്കാൻ തീരുമാനിച്ച 40 റെയിൽവേ സ്റ്റേഷനുകളിൽ 12 എണ്ണത്തിെൻറ കാര്യത്തിൽ അന്തിമ തീരുമാനമായി. മൂന്ന് സ്റ്റേഷനുകൾ കൈമാറുന്നത് സംബന്ധിച്ച തീരുമാനം പൊതു-സ്വകാര്യ പങ്കാളിത്ത അംഗീകാര സമിതിക്ക് വിട്ടു.
അഞ്ച് സ്റ്റേഷനുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മറ്റ് സ്റ്റേഷനുകളുടെ ലേല നടപടികൾ വിവിധ ഘട്ടത്തിലാണ്. നാഷനൽ അസറ്റ് മോണിറ്റൈസേഷൻ പൈപ്ലൈൻ (എൻ.എം.പി) പദ്ധതി പ്രകാരം റെയിൽവേയിൽനിന്നും നടപ്പു സാമ്പത്തിക വർഷം 17,810 കോടി സമാഹരിക്കാനാണ് കേന്ദ്രനീക്കം.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ രണ്ടു ദിവസമായി നടന്ന അവലോകന യോഗത്തിലാണ് വിൽക്കേണ്ട റെയിൽവേ സ്റ്റേഷനുകൾ സംബന്ധിച്ച് ധാരണയിലെത്തിയത്. ഡിസംബറോടെ ഏഴ് റെയിൽവേ കോളനികളുടെ കൈമാറ്റവും നടന്നേക്കും.
യാത്ര ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് കമ്പനികളിൽനിന്നും അനൂകൂല പ്രതികരണം ലഭിച്ചിരുന്നില്ല. 12 ക്ലസ്റ്ററുകളായി തിരിച്ചാണ് ഇതിനായി പദ്ധതി തയാറാക്കിയത്. 151 ട്രെയിനുകളുടെ നടത്തിപ്പ് ഉൾക്കൊള്ളുന്ന രണ്ട് ക്ലസ്റ്ററുകൾ മാത്രമാണ് ഇതുവരെ ലേലത്തിൽ പോയത്. ഇതിനെതുടർന്ന് നിലവിലെ ലേല നടപടികളിൽ മാറ്റം വരുത്താൻ റെയിൽേവ ആലോചിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, കോളനികൾ, യാർഡുകൾ തുടങ്ങിയവയുടെ വികസനത്തിന് വാണിജ്യ സാധ്യത മുന്നിൽ കണ്ട് കൂടുതൽ സ്വകാര്യ കമ്പനികൾ മുന്നോട്ടുവരുമെന്നാണ് കേന്ദ്രത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.