'ഗാന്ധിജി പഴഞ്ചനായെന്നും തിരസ്കരിക്കണമെന്നും വാദിക്കുന്നവരുണ്ടാവാം, പക്ഷേ ഓർക്കുക- അതു പറയാൻ ഗാന്ധിജി അവരുടേതല്ല, നമ്മൾ ഓരോരുത്തരുടേയുമാണ്'. രക്തസാക്ഷ്യത്തിനു ശേഷം ജന്മദേശത്ത് അവമതിക്കപ്പെടുകയും ഘാതകർ വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാലത്ത് അമേരിക്കയിലിരുന്ന് ഗാന്ധിപാഠങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് ബംഗ്ലാദേശ് വംശജൻ റൂഹെൽ ഇസ്ലാമും കുടുംബവും.
റൂഹെലിനെ നമുക്കറിയാം. കഴിഞ്ഞ മേയ് മാസം യു.എസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ബ്ലാക്ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിനിടെ തെൻറ ജീവിതമാർഗമായ ഗാന്ധിമഹൽ എന്ന ഭോജനശാല തീവെക്കപ്പെട്ടപ്പോൾ കെട്ടിടം കത്തിപ്പൊയ്ക്കോട്ടെ, നീതി പുലരുകയാണ് പ്രധാനമെന്ന് പ്രതികരിച്ച അതേ മനുഷ്യൻ.
സ്ഥാപനം കാത്തുസൂക്ഷിക്കാൻ പണിപ്പെട്ടവർ ആകുലപ്പെടരുത്, പുനർനിർമിച്ച് തിരിച്ചുവരുമെന്ന് കൂട്ടിച്ചേർത്ത ഹഫ്സയുടെ പിതാവ്. ഹഫ്സ പറഞ്ഞതുപോലെ തീവെക്കപ്പെട്ട റസ്റ്റാറൻറിനു പകരം കറി ഇൻ എ ഹറി എന്ന പേരിൽ പുതുതൊന്നിനു തുടക്കമിട്ടു. ഗാന്ധിയൻ സങ്കൽപങ്ങൾ മുൻപത്തേക്കാൾ ഉജ്ജ്വലമായി ഇവരുടെ മനസ്സിലും പ്രവർത്തനങ്ങളിലും നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു.
വിഭജനത്തിനു മുൻപ് പിതാമഹൻ ഗാന്ധിജിയെക്കണ്ടതിെൻറ കഥകൾ ചെറുപ്പകാലത്ത് അമ്മാവനിലൂടെയാണ് പറഞ്ഞു കേട്ടത്. അഹിംസയിലധിഷ്ഠിതമായ ലോകം പടുക്കാൻ ഗാന്ധിജി നടത്തിയ പ്രയത്നങ്ങളും ജീവാർപ്പണവും അന്നേ പ്രചോദിപ്പിച്ചിരുന്നുവെന്ന് റൂഹെൽ 'മാധ്യമ'ത്തോട് പറഞ്ഞു.
സ്ഥാപനത്തിൽ വന്ന് ആരെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയാൽ പൊലീസിനെ വിളിക്കാറില്ല. പകരം ഭക്ഷണം വിളമ്പിക്കൊടുക്കും, അവർ സമാധാനത്തോടെ മടങ്ങുകയും ചെയ്യും. ചുറ്റുമുള്ള ഒരാളും വിശന്നുറങ്ങിയില്ല എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കും. ൈജവകൃഷിയിലും മതസൗഹാർദ കൂട്ടായ്മകളിലും സജീവമാണ് റൂഹെലും ഗാന്ധിമഹലും.
അമേരിക്കൻ പാർലമെൻറിലേക്ക് നടന്ന അതിക്രമത്തെ മൂന്നാം കിട രാഷ്ട്രീയം എന്ന് വിശേഷിപ്പിക്കുന്ന റൂഹെലിന് ആരു ഭരിച്ചാലും നല്ല മനസ്സുള്ള, തുറന്നുപറയാൻ നിർഭയരായ ജനതയുണ്ടെങ്കിൽ രാഷ്ട്രത്തെ നേർവഴിയിലേക്ക് നയിക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പ്.
ജോർജ് ഫ്ലോയിഡിനെപ്പോലുള്ളവരെ കൊലപ്പെടുത്തിയതു മാത്രമല്ല, തദ്ദേശീയ ജനതയിൽനിന്ന് ഭൂമി തട്ടിപ്പറിച്ച് ദ്രോഹിച്ചതും ആഫ്രിക്കൻ ജനതയെ പീഡിപ്പിച്ചതുമായ വംശീയ ഭൂതകാലത്തിൽനിന്ന് അമേരിക്ക പുറത്തുവരുകതന്നെ വേണ്ടിവരുമെന്നും ഇദ്ദേഹം പറയുന്നു. ഇന്ത്യയിലെ കർഷകർക്കെതിരെ നടക്കുന്ന നീതിനിഷേധത്തെക്കുറിച്ചും ഇദ്ദേഹത്തിന് നിലപാടുണ്ട്: 'സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുതന്നെ അവരാണ്. എത്ര സൈനിക സുരക്ഷ ഏർപ്പെടുത്തിയാലും ഭക്ഷ്യസുരക്ഷ ഇല്ലെന്നുവന്നാൽ രാജ്യം അപകടത്തിലാണ്.
24 മണിക്കൂറും പണിയെടുക്കുന്ന കർഷകർക്ക് അർഹമായത് ലഭിക്കുന്നില്ല എന്നു വന്നാൽ ക്രൂരമാണ്. ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെ എങ്ങനെ പരിചരിക്കുന്നു എന്നതിൽനിന്ന് ഒരു സമൂഹത്തെ വിലയിരുത്താനാവുമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്ത്യ മറന്നുപോകരുത്'- റൂഹെൽ ഓർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.