കനത്ത സുരക്ഷയിൽ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശപൂജ നടത്തി

ബംഗളൂരു: വിനായക ചതുർഥി ദിനത്തിൽ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് കനത്ത സുരക്ഷയിൽ ഗണേശപൂജ ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച രാത്രി വൈകി കർണാടക ഹൈകോടതിയിലെ ധാർവാഡ് ബെഞ്ചിൽനിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അതേസമയം, ഹൈകോടതി വിധിക്കെതിരെ ഹരജിക്കാരായ അൻജുമാനെ ഇസ്‍ലാം ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. ബംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശപൂജക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പ്രദേശത്ത വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തി.

ബുധനാഴ്ച രാവിലെ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തൊരുക്കിയ പന്തലിൽ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയിൽ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികും അനുയായികളും ഗണേശവിഗ്രഹം സ്ഥാപിച്ചു. തുടർന്ന് പ്രാർഥനയും പൂജയും നടന്നു. മുൻകരുതലിന്റെ ഭാഗമായി മൈതാനപരിസരത്ത് കനത്ത പൊലീസ് കാവലൊരുക്കി. ഇത് ചരിത്രദിനമാണെന്നായിരുന്നു ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികിന്റെ പ്രതികരണം. ഏറെക്കാലമായി ഹിന്ദുക്കൾ ആഗ്രഹിച്ചിരുന്നത് ഫലവത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനം ഗണേശോത്സവ ചടങ്ങുകൾക്കായി മൂന്നു ദിവസത്തേക്കാണ് ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ വിട്ടുനൽകിയത്.

അനുമതിക്കെതിരെ ഹുബ്ബള്ളിയിലെ മുസ്‍ലിം കൂട്ടായ്മയായ അൻജുമാനെ ഇസ്‍ലാം നൽകിയ അടിയന്തര ഹരജി ചൊവ്വാഴ്ച രാത്രി കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അശോക് എസ്. കിനാഗിയുടെ ചേംബറിൽ വാദംകേട്ടെങ്കിലും ഹരജി തള്ളുകയായിരുന്നു. ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപറേഷനാണെന്നും അൻജുമാനെ ഇസ്‍ലാം വർഷത്തിൽ ഒരു രൂപയെന്ന തോതിൽ 999 വർഷത്തേക്ക് പാട്ടക്കരാറുകാർ മാത്രമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags:    
News Summary - Ganesha Puja was performed at Hubballi Eidgah Maidan amid tight security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.