കോവിഡ് ഭീഷണി നിലനിൽക്കെ ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കം; ലക്ഷക്കണക്കിന് തീർഥാടകരെത്തും

കൊൽക്കത്ത: കോവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളക്ക് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുക. ജനുവരി 16 വരെയാണ് പരിപാടി. നേരത്തെ ആഘോഷം നടത്താൻ കൊൽക്കത്ത ഹൈകോടതി പശ്ചിമബംഗാൾ സർക്കാറിന് അനുമതി നൽകിയിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ആഘോഷം നടത്താനായിരുന്നു അനുമതി.

കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന മേളയിൽ കൊൽക്കത്ത ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രദേശത്തെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നുമായിരുന്നു ബംഗാൾ സർക്കാർ ഇതിന് മറുപടി നൽകിയത്.

ഈ വർഷം മേളക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം അഞ്ച് ലക്ഷം കവിയില്ലെന്നാണ് ബംഗാൾ സർക്കാറി​ന്‍റെ പ്രതീക്ഷ. മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ്, ബംഗാൾ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരുൾപ്പെടുന്ന സമിതിക്ക് രൂപം നൽകാനും കോടതി നിർദേശം നൽകിയിരുന്നു.

പശ്ചിമബംഗാളിൽ കോവിഡ് അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 18,213 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 50,000ത്തോളം പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.

Tags:    
News Summary - Gangasagar Mela starts today, lakhs of pilgrims head to Bengal as HC gives nod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.