കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ഈ മാസം അവസാനം നടക്കുന്ന സ്പെയിൻ സന്ദർശനത്തിൽ പങ്കെടുക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജി സെപ്റ്റംബർ 12ന് സ്പെയിനിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ സന്ദർശന വേളയിൽ സ്‌പാനിഷ് വ്യവസായ സമൂഹവുമായി നിരവധി കൂടിക്കാഴ്‌ചകൾ നടത്തും. സൗരവ് ഗാംഗുലി ബാഴ്‌സലോണയിൽ വെച്ചാവും മുഖ്യമന്ത്രിക്കൊപ്പം ചേരുക. വിദേശ നിക്ഷേപ സാധ്യതകൾ പരിശോധിക്കാനാണ് ഇത്തരമൊരു യാത്ര എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വൃത്തങ്ങൾ പറയുന്നത്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ വ്യവസായികളും വ്യവസായ, സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടും. സെപ്റ്റംബർ 23ന് മുഖ്യമന്ത്രി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2021ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത മമതാ ബാനർജി ആവർത്തിച്ച സാഹചര്യത്തിലാണ് വരാനിരിക്കുന്ന സന്ദർശനം നടക്കുന്നത്.
രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിൽ ഇപ്പോഴും ഗാംഗുലി മൗനം തുടരുകയാണെങ്കിലും മികച്ച നിക്ഷേപ സൗഹൃദ ഇടമായി പശ്ചിമ ബംഗാളിനെ മാറ്റുന്നതിന്റെ ആവേശത്തിലാണെന്ന് താരവുമായി ബന്ധമുള്ള കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.