ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിങ് പങ്കെടുക്കേണ്ട വേദിക്ക് ജനക്കൂട്ടം തീയിട്ടു. സംഘർഷം രൂക്ഷമായതോടെ ചുരാചാന്ദ്പൂരിൽ ജനം സംഘടിക്കുന്നതിന് പൊലീസ് നിരോധനം ഏർപ്പെത്തി. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു.
ബി.ജെ.പി സർക്കാർ വനം കൈയേറ്റം ഓഴിപ്പിക്കലിന്‍റെ പേരിൽ ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ പ്രതിഷേധം ആരംഭിച്ചത്.സർക്കാർ സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങൾ പോലുള്ളവയും സർവേ ചെയ്യുന്നതിനിനെതിരെ മേഖലയിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് നിലനിൽക്കുന്നത്.ജില്ലയിൽ "സമാധാന ലംഘനം, പൊതു സമാധാനത്തിന് ഭംഗം, മനുഷ്യജീവനുകൾക്കും സ്വത്തുക്കൾക്കും ഗുരുതരമായ അപകടം" എന്നിവയുണ്ടാവുമെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് വലിയ ജനക്കൂട്ടം നിരോധിക്കാൻ തീരുമാനിച്ചതെന്ന് ചുരാചന്ദ്പൂർ ജില്ലാ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എസ്. തീൻലത്ജോയ് ഗാങ്ടെ അറിയിച്ചു.
ജില്ലയിൽ മുഖ്യമന്തിയുടെ പരിപാടി നടക്കാനിരിക്കേ, സർക്കാർ നടപടിക്കെതിരേ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിൽ ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. ജനക്കൂട്ടം ഉദ്ഘാടനസദസ്സിലെ കസേരകൾ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങൾ നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഗോത്രവിഭാഗങ്ങളോട് സർക്കാരിന് ചിറ്റമ്മനയമാണെന്ന് ആരോപിച്ച് കുകി സ്റ്റുഡന്റ്സ് ഓർഗനൈസേഷനും രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പരിപാടികളോട് നിസ്സഹകരണ സമീപനം തുടരാനാണ് ഇരുസംഘടനകളുടെയും തീരുമാനം. അനധികൃത നിർമാണമെന്ന് ആരോപിച്ച് സർക്കാർ കഴിഞ്ഞമാസം മണിപ്പൂരിൽ മൂന്ന് പള്ളികൾ പൊളിച്ചു നീക്കിയിരുന്നു. സർക്കാർ നടപടിക്കെതിരേ കോടിതിയെ സമീപിച്ചിരിക്കുകയാണ് പ്രദേശിക സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.