ബംഗളൂരു: തീവ്ര ഹിന്ദുത്വവാദികളുടെ വെടിയേറ്റ് മരിച്ച മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ നായോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിഖ് വിവാദത്തിൽ.
ഗൗരി ലങ്കേഷ് വധത്തിൽ ശ്രീരാമസേനയുടെ പങ്കിനെപ്പറ്റി അന്വേഷണം നടക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുത്തലിഖ് രംഗത്തെത്തിയത്.
കർണാടകയിൽ ഏതെങ്കിലും നായ് ചത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിന് പ്രതികരിക്കണം എന്നായിരുന്നു പൊതുചടങ്ങിനിടെ മുത്തലിഖിെൻറ അവഹേളനപരമായ പ്രസ്താവന. ‘‘കോൺഗ്രസ് ഭരിക്കുമ്പോഴാണ് കർണാടകയിലും മഹാരാഷ്ട്രയിലും രണ്ടുവീതം കൊലപാതകങ്ങളുണ്ടാകുന്നത്. എന്നാൽ, ആരും കോൺഗ്രസ് സർക്കാറിെൻറ പരാജയമാണെന്ന് കുറ്റപ്പെടുത്തുന്നില്ല. അതിനുപകരം ഗൗരി ലങ്കേഷിെൻറ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. കർണാടകയിൽ ഏതെങ്കിലും നായ് ചത്താൽ മോദി എന്തിന് പ്രതികരിക്കണം’’ എന്നിങ്ങനെ പറഞ്ഞുള്ള പ്രമോദ് മുത്തലിഖിെൻറ പ്രസംഗത്തെ ജയ് ശ്രീരാം വിളികളോെട കൈയടിച്ചുകൊണ്ടാണ് സദസ്സ് സ്വീകരിച്ചത്. പരിപാടിയുടെ വിഡിയോ പുറത്തായതോടെയാണ് വിവാദമായത്. എന്നാൽ, കർണാടകയിൽ നടക്കുന്ന എല്ലാ കൊലപാതകങ്ങളിലും പ്രധാനമന്ത്രിക്ക് മറുപടി പറയാനാകില്ലെന്നും ഗൗരി ലങ്കേഷിനെ നേരിട്ട് നായുമായി ഉപമിച്ചിട്ടില്ലെന്നും പ്രമോദ് മുത്തലിഖ് വിശദീകരിച്ചു.
അന്വേഷണം ശരിയായ ദിശയിലെന്ന് കവിത ലങ്കേഷ്
ബംഗളൂരു: ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തയാളെ പിടികൂടിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിെൻറ അന്വേഷണത്തിൽ തൃപ്തി അറിയിച്ച് സഹോദരി കവിത ലങ്കേഷ്. അന്വേഷണം ശരിയായ ദിശയിലാണെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നും കവിത ലങ്കേഷ് പറഞ്ഞു. ഗൗരി ലങ്കേഷ് വധം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കവിത ലങ്കേഷും മാതാവും സന്ദർശിച്ച് നന്ദി അറിയിച്ചു. ഐ.ജി ബി.കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.