ന്യൂഡൽഹി: അദാനിക്കെതിരായ നീക്കത്തിൽ കോൺഗ്രസിനെ മറ്റ് ഇൻഡ്യ സഖ്യകക്ഷികൾ കൈയൊഴിഞ്ഞതോടെ അജണ്ടകൾ മാറ്റിവെച്ച് അക്കാര്യം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽനിന്ന് അവർ പിന്മാറിയതാണ് ഭരണപക്ഷ- പ്രതിപക്ഷ സമവായത്തിലെത്തിച്ചത്.
ഗൗതം അദാനിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചങ്ങാത്ത മുതലാളിത്തത്തെ പ്രശ്നവത്കരിക്കുന്നതിൽ രാഹുൽ ഗാന്ധിക്കുള്ള താൽപര്യം ഇൻഡ്യസഖ്യത്തിലെ പല ഘടകകക്ഷികൾക്കുമില്ലായിരുന്നു. മറ്റ് അജണ്ടകൾ മാറ്റിവെച്ച് അദാനി വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ കോൺഗ്രസ് എം.പിമാർ മാത്രമാണുണ്ടായിരുന്നത്. പാർലമെന്റ് സമ്മേളനത്തിന്റെ ഒന്നാം ദിവസംതന്നെ ഇൻഡ്യസഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് അദാനി വിഷയം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഇതുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനെ പരസ്യമായി എതിർക്കുകയും ചെയ്തു. സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷികളായ സമാജ്വാദി പാർട്ടി ആദ്യദിനം മുതൽ തിങ്കളാഴ്ച വരെയും ഇരുസഭകളും സ്തംഭിപ്പിക്കാൻ ഇറങ്ങിയതും നോട്ടീസ് നൽകിയതും സംഭൽ വർഗീയ സംഘർഷം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു.
മുസ്ലിം ലീഗിന്റെ നോട്ടീസും ആദ്യ ദിവസം തൊട്ട് സംഭലിനായിരുന്നു. ഡി.എം.കെ നേതാക്കൾ അദാനി വിഷയത്തിൽ അടിയന്തര നോട്ടീസ് നൽകാതെ ദിവസവും മണിപ്പുർ കലാപത്തിൽ മാത്രമാണ് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.