ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗുലാം നബി ആസാദ് ചർച്ച നടത്തിയത് സ്വാഗതാർഹമായ കാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ മോശം പ്രവർത്തനത്തിന് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മാത്രമാണ് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തോൽവിയുടെ ഉത്തരവാദിത്വം എല്ലാവരും ഒരേ പോലെ ഏറ്റെടുത്തുവെന്നും ഗാന്ധി കുടുംബത്തിന് മാത്രമാണ് തോൽവിയുടെ ഉത്തരവാദിത്വമെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗുലാം നബി ആസാദിന് എല്ലാ കാര്യങ്ങളും അറിയാമെന്നും അദ്ദേഹം ജി23 പ്രതിനിധികളുമായി ചർച്ച നടത്തി സോണിയ ഗാന്ധിയെ നേരിൽ കണ്ട് പാർട്ടിയെ ഒരുമിച്ച് നിർത്തുന്നതിനെ കുറിച്ച് സംസാരിച്ചത് ശുഭ സൂചനയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയിലെ നേതൃമാറ്റം ആവശ്യപ്പെട്ട് രൂപീകരിച്ച ജി-23യുടെ നേതാവായ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയെ നേരിൽ കണ്ട് നേതൃമാറ്റം പ്രശ്നമല്ലെന്നും 2024-ലെ തെരഞ്ഞെടുപ്പ് വരെ പാർട്ടി അധ്യക്ഷയായി തുടരണമെന്ന് പ്രവർത്തക സമതി യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്നു.
ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ഗുലാം നബി ആസാദ് പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എതിരാളികളെ ഒറ്റക്കെട്ടായി എങ്ങനെ നേരിടാമെന്നും ചർച്ച ചെയ്തതായി പറഞ്ഞു.
ജി-23 നേതാക്കളുടെ യോഗത്തിൽ കോൺഗ്രസിനകത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വിധം ഒരു കൂട്ടായ നേതൃത്വം കൊണ്ടു വരണമെന്ന് എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.