എസ്.പി 47ല്‍ നിന്ന് 130ലേക്ക്; ബി.ജെ.പിയെ ഭയപ്പെടുത്തുന്ന അഖിലേഷ് എന്ന ഒറ്റത്തുരുത്ത്

2022 നിയമസഭ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബി.ജെ.പി വിജയം കൊയ്തെങ്കിലും അവരെ ഭയപ്പെടുത്താൻ പോന്ന ഒന്ന് ഫലങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് എസ്.പിയുടെ തിരിച്ചുവരവും അഖിലേഷ് എന്ന മണ്ണിലിറങ്ങിയ രാഷ്ട്രീയ നേതാവുമാണ്. 2017ല്‍ വെറും 47 സീറ്റില്‍ ഒതുങ്ങിയ സമാജ് വാദി പാര്‍ട്ടി 130 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന നിലയിലേക്ക് എത്തിയതാണ് മതേതരചേരിക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്നത്. യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പിയെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടും കോൺഗ്രസിനെ അവഗണിച്ചും അഖിലേഷ് നേടിയ വിജയം നിസാരമല്ല. യു.പിയില്‍ ഭരണം ഉറപ്പിക്കുന്ന ബി.ജെ.പിയുടെ ഇത്തവണത്തെ പ്രതിപക്ഷം അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും.

അഖിലേഷ് എന്ന ഒറ്റത്തുരുത്ത്

2002 നും 2014 നും ഇടയിൽ, യുപിയിലെ വോട്ടർമാർ പ്രധാനമായും മൂന്ന് വലിയ പാർട്ടികളായ എസ്പി, ബിഎസ്പി, ബിജെപി എന്നിങ്ങനെ ഭിന്നിച്ചുനിൽക്കുകയായിരുന്നു. 2014ൽ നരേന്ദ്ര മോദിയും കൂട്ടരും 40 ശതമാനം വോട്ടുമായി ബിജെപിയെ മുന്നിലെത്തിച്ചു. ഇവിടെനിന്നാണ് ബി.ജെ.പി രാജ്യത്തിന്റെ അധികാരരാഷ്രടീയത്തിലേക്ക് പ്രവേശിക്കുന്നത്. യു.പിയിലെ പ്രതിപക്ഷം മൂന്നായി പിളരുകയും ബി.ജെ.പി തങ്ങളുടെ വോട്ട് നിലനിർത്തുകയും ചെയ്തതോടെ ഹിന്ദിഹൃദയഭൂമിയിൽ താമരക്ക് അപ്രമാദിത്വം കൈവരികയായിരുന്നു.


ഇവിടെ അഖിലേഷിനുമുന്നിൽ രണ്ട് വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. ഒന്ന് തങ്ങളുടെ വോട്ട് വിഹിതം 40 ശതമാനത്തിനും മുകളിൽ എത്തിക്കുക, രണ്ട് ഭിന്നിച്ച് നിൽക്കുന്ന പ്രതിപക്ഷത്തിൽനിന്ന് വലിയൊരുശതമാനം വോട്ട് പിടിച്ചെടുക്കുക. ഇതിനുള്ള ഒറ്റവഴി മുഴുവൻ മുസ്ലീം വോട്ടുകളും എസ്പിക്ക് പിന്നിൽ ഏകീകരിക്കുകയും യാദവ ഇതര ഒബിസി വോട്ടുകൾ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു. ഇത് ഏകദേശം സാധിച്ചെടുക്കാൻ അഖിലേഷിനായി എന്നാണ് യു.പി തിര​െഞ്ഞടുപ്പ് ഫലകൊണിച്ചുതരുന്നത്.


വോട്ട് വിഹിതത്തിലെ വ്യത്യാസം കുറയുന്നു

2017ൽ എസ്പിയെക്കാൾ 18 ശതമാനം ലീഡ് വോട്ട് വിഹിതത്തിൽ ബിജെപിക്കുണ്ടായിരുന്നു. 2019ൽ ഇത് 32 ശതമാനമായി ഉയർന്നു. ഇപ്പോൾ അഖിലേഷ് ഇത് 10 ശതമാനത്തിൽ താഴെയായി കുറച്ചിട്ടുണ്ട്. സഖ്യതല വോട്ടുകൾ പരിശോധിച്ചാൽ, ബിജെപി നേതൃത്വത്തിലുള്ള സഖ്യവും എസ്പി-ആർഎൽഡി സഖ്യവും തമ്മിലുള്ള അന്തരം വെറും 8 ശതമാനമാണ്. ഇത്തവണ, ബിജെപിയെ തോൽപ്പിക്കാൻ സഖ്യത്തിന് 16 ശതമാനത്തിലധികം വോട്ട് സ്വിങ് വേണ്ടിവരുമെങ്കിൽ അടുത്ത തവണ, ഇതിന് 4 ശതമാനത്തിൽ കൂടുതൽ മതിയാകും.

ബിഎസ്പിയുടെയും കോൺഗ്രസിന്റെയും വിശ്വസ്തരായ വോട്ടർമാർ അവരുടെ പാർട്ടികളിൽ ഉറച്ചുനിന്നതാണ് എസ്പിക്ക് ഇത്തവണ തിരിച്ചടിയായത്. ബിഎസ്പിയുടെയും കോൺഗ്രസിന്റേയും

സ്ഥാനാർഥികൾ ശക്തരായ പ്രദേശങ്ങളിൽ മുസ്ലീം വോട്ടുകളും ഈ പാർട്ടികളിലേക്ക് പോയിട്ടുണ്ട്. ബി.ജെ.പിയെ തോൽപ്പിക്കാൻ അഖിലേഷിനും കൂട്ടർക്കും കൂടുതൽ സാധ്യതയുണ്ടെന്ന സൂചനയാണ് ഇപ്പോൾ വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നത്. ഇത് കോൺഗ്രസിന്റെയും ബിഎസ്പിയുടെയും വോട്ടുകൾ ഇനിയും കുറയുന്നതിനും എസ്പിക്ക് പിന്നിൽ ശക്തമായ ഏകീകരണത്തിനും ഇടയാക്കും.

അഖിലേഷിന്റെ തന്ത്രം

ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നിന്ന് പൊരുതുക എന്ന തന്ത്രമാണ് അഖിലേഷിന്റേത്. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ മല്‍സരിക്കുക എന്ന തീരുമാനവും നില മെച്ചപ്പെടുത്തുന്നതില്‍ എസ്.പിയെ സഹായിച്ചു എന്ന് വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

നാല് തവണ പാര്‍ലമെന്റ് അംഗമായ അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ച അഖിലേഷ്, തുടക്കത്തില്‍ മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് കര്‍ഹലില്‍നിന്നു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അഖിലേഷ് യാദവിന്റെ പിതാവും എസ്.പി മേധാവിയുമായിരുന്ന മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സൈഫായിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കര്‍ഹാല്‍ മണ്ഡലം. അഖിലേഷനു വേണ്ടി പ്രചാരണം നടത്താന്‍ മുലായം സിങ്ങും എത്തിയിരുന്നു.എസ്പിയുടെ ദേശീയ പ്രസിഡന്റായ അഖിലേഷ് 2012 മുതല്‍ 2017 വരെ ഉത്തര്‍പ്രദേശിന്റെ 20ാമത് മുഖ്യമന്ത്രിയായിരുന്നു. 2000ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനൗജില്‍നിന്ന് ആദ്യമായി ലോക്സഭാംഗമായി. 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കനൗജില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2012 മേയിലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി ജയിച്ചതിനെ തുടര്‍ന്ന് കനൗജ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് രാജിവച്ചു.

വരും വർഷങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാകുന്ന കാര്യമാണ് എസ്.പിയുടെ മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും പാർട്ടിയുടെ വിജയം കാണിക്കുന്നത് ധ്രുവീകരണ രാഷ്ട്രീയം ഇപ്പോഴും വിജയിക്കുന്നു എന്നാണ്. യാദവ ഇതര ഒ.ബി.സി വിഭാഗക്കാരെ തിരിച്ചുപിടിക്കാൻ അവർക്ക് ആനുകൂല്യങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ ഭരണകക്ഷി വർധിപ്പിക്കാനാണ് സാധ്യത. യാദവ-മുസ്ലിം ഐക്യം തകർക്കാൻ കൂടുതൽ സംഘടിത ശ്രമമുണ്ടാകും. യു.പിയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കത്തിനാണ് ഈ തെര​െഞ്ഞടുപ്പ് നാന്ദി കുറിക്കുന്നത്. അഖിലേഷിന്റെ ചുവടുകൾ തകർക്കുകയാവും ബി.ജെ.പിയുടെ ഇനിയുള്ള തന്ത്രങ്ങളിൽ പ്രധാനം.


Tags:    
News Summary - Giant Win Aside, Akhilesh Yadav's Result Will Worry The BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.